ഡല്‍ഹി കലാപ ഗൂഢാലോചന കേസില്‍ യുഎപിഎ ചുമത്തപ്പെട്ട് ജയിലില്‍ കഴിയുന്ന വിദ്യാർഥി നേതാക്കളായ ഉമർ ഖാലിദിന്റെയും ഷർജീല്‍ ഇമാമിന്റെയും ജാമ്യഹരജികള്‍ ഡല്‍ഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും.വിചാരണക്കോടതി ഇവരുടെ മൂന്നാമത്തെ ജാമ്യാപേക്ഷയും തള്ളിയ സാഹചര്യത്തിലാണ് ഉത്തരവിനെ ചോദ്യം ചെയ്തുകൊണ്ട് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയിരിക്കുന്നത്.പ്രതികളുടെ ജാമ്യാപേക്ഷയെ ശക്തമായി എതിർത്ത് ഡല്‍ഹി പൊലീസ് ഇതിനകം തന്നെ ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമർപ്പിച്ചിട്ടുണ്ട്. ഈ അപ്പീല്‍ പൂർണമായും നിയമവിരുദ്ധമാണെന്നും, കോടതിയെ തെറ്റിദ്ധരിപ്പിക്കാനുള്ള ഗൂഢനീക്കമാണ് പ്രതികള്‍ ഇതിലൂടെ നടത്തുന്നതെന്നുമാണ് പൊലീസിന്റെ പ്രധാന വാദം.കേസില്‍ സാക്ഷിവിസ്താരം പൂർത്തിയായ ശേഷം മാത്രമേ പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കാവൂ എന്നാണ് സുപ്രിംകോടതിയുടെ മുൻ വിധിയിലുള്ള നിർദേശം. ഈ സുപ്രധാന നിർദേശം നിലനില്‍ക്കെയാണ് വീണ്ടും ജാമ്യത്തിനായി ഇവർ കോടതിയെ സമീപിച്ചിരിക്കുന്നത്. വിവാദമായ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് 2020ല്‍ അറസ്റ്റിലായ ഉമർ ഖാലിദും ഷർജീല്‍ ഇമാമും അന്ന് മുതല്‍ വിചാരണത്തടവുകാരായി ജയിലില്‍ തുടരുകയാണ്.
ഡല്‍ഹി കലാപ ഗൂഢാലോചന കേസ്: ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യഹർജികള്‍ ഇന്ന് ഹൈക്കോടതിയില്‍
