വിമാന നിരക്കിലെ പ്രവചനാതീതമായ വര്‍ധനയും സ്വകാര്യ വിമാനക്കമ്പനികള്‍ ഈടാക്കുന്ന അധിക നിരക്കുകളും നിയന്ത്രിക്കുന്നതിനുള്ള സുപ്രീം കോടതി ഇടപെടലില്‍ പ്രവാസികള്‍ക്ക് പ്രതീക്ഷ. ഇന്ത്യയിലേക്കും തിരിച്ചുമുള്ള വിമാന ടിക്കറ്റ് നിരക്കിലെ അമിത വര്‍ധന നിയന്ത്രിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാക്കിയ കരട് ചട്ടങ്ങള്‍ പരിശോധിച്ച സുപ്രീം കോടതി, അവ അന്തിമമാക്കി മൂന്നാഴ്ചക്കകം കോടതിയില്‍ സമര്‍പ്പിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്.ആഗസ്റ്റ് 17ന് പരിഗണിച്ച കേസില്‍ കേന്ദ്രത്തിന്റെ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ അനില്‍ കൗശിക് കരട് ചട്ടങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചു. ജഡ്ജിമാര്‍ കരട് പരിശോധിച്ച ശേഷം അന്തിമ രൂപം നല്കാന് മൂന്നാഴ്ച സമയം അനുവദിക്കുകയായിരുന്നു. കേസ് സെപ്തംബര്‍ ഏഴിന് വീണ്ടും പരിഗണിക്കും. വിമാന നിരക്കിലെ വന്‍ വര്‍ധനയും സ്വകാര്യ വിമാനക്കമ്പനികള്‍ ഈടാക്കുന്ന അധിക നിരക്കുകളും നിയന്ത്രിക്കുന്നതിന് സുതാര്യമായ മാര്‍ഗനിര്‍ദേശവും സ്വതന്ത്ര നിയന്ത്രണ സംവിധാനവും വേണമെന്നതാണ് ഹരജിയിലെ പ്രധാന ആവശ്യം.യു എ ഇയിലെയും മറ്റു ഗള്‍ഫ് രാജ്യങ്ങളിലെയും ഇന്ത്യന്‍ പ്രവാസികള്‍ നടപടിയെ സ്വാഗതം ചെയ്തു. പെരുന്നാള്‍, സ്കൂള്‍ അവധി, വേനല്‍ക്കാലം, അടിയന്തര യാത്ര തുടങ്ങിയ സമയങ്ങളില്‍ ടിക്കറ്റ് നിരക്ക് പെട്ടെന്ന് ഉയരുന്നത് താഴ്ന്ന-ഇടത്തരം വരുമാനമുള്ള പ്രവാസി തൊഴിലാളികളുടെ കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക ബാധ്യതയാകുന്നതായി പ്രവാസികള്‍ ചൂണ്ടിക്കാട്ടി. വിമാന നിരക്ക് നിയന്ത്രണം വേണമെന്നത് ദീര്‍ഘകാലമായി പ്രവാസികള്‍ ഉന്നയിക്കുന്ന ആവശ്യമാണ്. കോടതി ഇടപെടലിലൂടെയെങ്കിലും പ്രശ്നത്തിന് പരിഹാരമുണ്ടാവുമെന്ന പ്രതീക്ഷയിലാണ് അവര്‍.
വിമാന ടിക്കറ്റ് നിരക്ക് നിയന്ത്രിക്കാന്‍ സുപ്രീം കോടതി ഇടപെടല്‍
