നിതിന്‍ രാജ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി

കൊച്ചി: കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥിയായിരുന്ന നിതിന്‍ രാജ് ജീവനൊടുക്കിയ കേസിലെ മുഖ്യപ്രതിയായ അധ്യാപകന്‍ ഡോ. എം.കെ റാമിന്റെ അറസ്റ്റിലെ വീഴ്ചകളില്‍ നടപടിയെടുക്കാത്ത ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി സുധീര്‍ കല്ലനെ സസ്‌പെന്‍ഡ് ചെയ്യാത്തതിലാണ് രൂക്ഷവിമര്‍ശനം. സുധീര്‍ കല്ലന്റെ നേതൃത്വത്തില്‍ പൊലീസ് പ്രതിയെ രക്ഷിക്കാനാണ് ശ്രമിച്ചതെന്ന് നേരത്തെ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഡിവൈഎസ്പിക്കെതിരെ നടപടിയെടുക്കാനും നിര്‍ദേശിച്ചിരുന്നു. ഇത് പാലിക്കാത്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്.ഡിവൈഎസ്പി ഇപ്പോഴും സര്‍വീസില്‍ തുടരുന്നത് ആഭ്യന്തര വകുപ്പിന്റെ പരാജയമാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. എഡിജിപി എം.ആര്‍ അജിത് കുമാര്‍ അടക്കമുള്ളവരെ സസ്‌പെന്‍ഡ് ചെയ്തപ്പോള്‍ എന്തുകൊണ്ട് സുധീറിനെതിരെ ഒരു നടപടിയും ഉണ്ടായില്ല എന്ന് കോടതി ചോദിച്ചു. സവര്‍ക്കറെ കുറിച്ച് ചോദ്യം തയ്യാറാക്കിയ അധ്യാപകനെ അപ്പോള്‍ തന്നെ നിങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കത്ത് നല്‍കിയ ഉദ്യോഗസ്ഥയെ നിങ്ങള്‍ സസ്‌പെന്‍ഡ് ചെയ്തു. വിജിലന്‍സില്‍ പരാതി നല്‍കിയ എഡിജിപിയെ നിങ്ങള്‍ ഡിജിപി ആക്കി. എഡിജിപി എം.ആര്‍ അജിത് കുമാറിനെ ഉടനെ സസ്‌പെന്‍ഡ് ചെയ്തു. അപ്പോഴൊന്നും സംസ്ഥാന സര്‍ക്കാര്‍ ചട്ടം പറഞ്ഞില്ല. പക്ഷേ ഇവിടെ വലിയ വീഴ്ച ഉണ്ടായിട്ടും നിങ്ങള്‍ ചട്ടം പറഞ്ഞ് നടപടിയെടുക്കാതിരിക്കുകയാണ് -കോടതി പറഞ്ഞു.ഒളിവില്‍ കഴിഞ്ഞിരുന്ന ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്തപ്പോള്‍ നടപടിക്രമം പാലിക്കാത്തതിനെ തുടര്‍ന്ന് പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നു. ഇത് പൊലീസ് മനപൂര്‍വം വരുത്തിയ വീഴ്ചയാണെന്ന് കേസ് നേരത്തെ പരിഗണിച്ചപ്പോള്‍ കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഒരു കാര്യവും പൊലീസ് ചെയ്തില്ല. പ്രതിയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിച്ചത്. കേസില്‍ ഉന്നത ഉദ്യോഗസ്ഥരുടെ ഗൂഢാലോചന കണ്ടെത്താന്‍ അന്വേഷണം നടത്തണമെന്ന് പറഞ്ഞ കോടതി, ഇല്ലെങ്കില്‍ കോടതി മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തുമെന്നും പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *