പോക്സോ കേസില്‍ വ്യാജപരാതി നല്‍കിയ സംഭവത്തില്‍ നിർണായക ഉത്തരവുമായി കോടതി. ഭർത്താവ് കുട്ടിയുടെ അമ്മയെ വിളിച്ച് കാമുകനെതിരെ കള്ളക്കേസ് ചുമത്തുമെന്ന് ഭീഷണിപ്പെടുത്തുന്ന ഫോണ്‍ സന്ദേശം ഫോറൻസിക് പരിശോധന നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ കേരള ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഈ ശാസ്ത്രീയ തെളിവുകളുടെയും മറ്റ് സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ നടന്ന വിചാരണയ്ക്കൊടുവില്‍ ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി.പിതാവിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് അമ്മയുടെ ആണ്‍സുഹൃത്തിനെതിരെ പോക്സോ നിയമപ്രകാരം വ്യാജപരാതി നല്‍കിയതെന്ന് കോടതി കണ്ടെത്തി. കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് സാധിക്കാത്തതിനെത്തുടർന്നാണ് പ്രതിയെ വെറുതെവിട്ടത്. പ്രമുഖ ഹൈക്കോടതി അഭിഭാഷകയായ അഡ്വ. വിമലാ ബിനുവാണ് കേസില്‍ പ്രതിക്കുവേണ്ടി ഹാജരായത്.പോക്സോ പോലുള്ള അതിഗൗരവമുള്ള നിയമങ്ങളില്‍ യഥാർത്ഥ ഇരകള്‍ക്ക് നീതി ഉറപ്പാക്കേണ്ടത് എത്രത്തോളം പ്രധാനമാണോ, അതുപോലെ തന്നെ നിരപരാധികള്‍ വ്യാജപരാതികളില്‍ കുടുങ്ങി ശിക്ഷിക്കപ്പെടാതിരിക്കേണ്ടതും നീതിന്യായ വ്യവസ്ഥയുടെ ഉത്തരവാദിത്തമാണെന്ന് ഈ വിധി ഓർമ്മിപ്പിക്കുന്നു. നിലവില്‍ പോക്സോ കേസുകളില്‍ വ്യാജപരാതികള്‍ വർധിച്ചുവരുന്നതായി വിവിധ കോടതികള്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുള്ള സാഹചര്യത്തില്‍, ഡിജിറ്റല്‍ തെളിവുകളുടെ ശാസ്ത്രീയ പരിശോധനയ്ക്കും സൂക്ഷ്മമായ വിലയിരുത്തലിനും കോടതി നല്‍കിയ പ്രാധാന്യം ഏറെ ശ്രദ്ധേയമാണ്.
പോക്സോ കേസില്‍ വ്യാജപരാതി, ഫോണ്‍ സന്ദേശങ്ങള്‍ ഫോറൻസിക് പരിശോധനയ്ക്ക് വിധേയമാക്കാൻ ഹൈക്കോടതി നിര്‍ദേശം, പ്രതിയെ വെറുതെവിട്ട് ആലുവ ഫാസ്റ്റ് ട്രാക്ക് കോടതി
