മലപ്പുറം സ്ഫോടകവസ്തു കേസില്‍ പ്രധാന ഗൂഢാലോചനക്കാരൻ ഹാരിസ് ടി എ അറസ്റ്റില്‍. മഞ്ചേരിയില്‍ നിന്നാണ് അറസ്റ്റ് ചെയ്തത്.സ്ഫോടക വസ്തുക്കള്‍ അനധികൃതമായി വാങ്ങിയതില്‍ പ്രധാന പങ്ക് ഇയാള്‍ക്കാണെന്ന് എൻ ഐ എ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ എൻഐഎ പുറത്തുവിട്ടിട്ടില്ല.448 ബോക്സുകളിലായി സൂക്ഷിച്ചിരുന്ന 89,600 ജെലാറ്റിൻ സ്റ്റിക്കുകളും 35 ബോക്സുകളിലായി ഉണ്ടായിരുന്ന 10,500 നോണ്‍ – ഇലക്ട്രിക് ഡിറ്റണേറ്ററുകളും ഉള്‍പ്പെടുന്നതാണ് റെയ്ഡില്‍ പിടിച്ചെടുത്ത സ്ഫോടകവസ്തു ശേഖരം. ഒരു ലൈസൻസുമില്ലാതെയാണ് ഇത്രയും വലിയ തോതില്‍ സ്ഫോടക വസ്തുക്കള്‍ എത്തിച്ചതെന്ന് എൻ ഐ എ നേരത്തെ വ്യക്തമാക്കിയിരുന്നു. ദേശീയ സുരക്ഷയെ തന്നെ അതീവ ഗുരുതരമായി ബാധിക്കുന്ന കേസായതിനാലാണ് എൻ ഐ എ ഇതില്‍ നേരിട്ട് അന്വേഷണം ഏറ്റെടുത്തതെന്നും പറയുന്നു.കേരളം, തമിഴ്നാട്, കർണാടക എന്നീ മൂന്ന് സംസ്ഥാനങ്ങളിലായി ദേശീയ അന്വേഷണ ഏജൻസി റെയ്ഡ് നടത്തിയിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലായി പത്തൊമ്പതോളം കേന്ദ്രങ്ങളിലാണ് പരിശോധന നടന്നത്. ഈ റെയ്ഡുകളില് നിർണായകമായ ഡിജിറ്റല്‍ ഉപകരണങ്ങളും മറ്റ് നിരവധി രേഖകളും കണ്ടെടുത്തതായി എൻഐഎ ഔദ്യോഗികമായി സ്ഥിരീകരിച്ചു. ദേശീയ സുരക്ഷയെ ബാധിക്കുന്ന കേസാണ് ഇതെന്നും എൻ ഐ എ വ്യക്തമാക്കി.
മലപ്പുറം സ്ഫോടക വസ്തു കേസില്‍ മുഖ്യസൂത്രധാരന്‍ മഞ്ചേരിയില്‍ അറസ്റ്റില്‍
