ഒമ്പതുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ശേഷം അരിവാള്‍ ഉപയോഗിച്ച് വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മഹാരാഷ്ട്രയിലെ 51കാരന് വധശിക്ഷ.പാല്‍ഘർ ജില്ലയിലെ ദഹാനു അഡീഷണല്‍ സെഷൻസ് കോടതിയാണ് പ്രമുല് എന്ന പ്രഫുല്ല എന്ന പ്രമോദ് രത്ന ഘോഷെയ്ക്ക് വധശിക്ഷ വിധിച്ചത് (Palghar Rape Murder Case). 75,000 രൂപ പിഴയും കോടതി ചുമത്തി.2021 സെപ്റ്റംബർ 27ന് ദഹാനുവിലെ രണ്ഷേത് വാങഡ്പാഡ ഗ്രാമത്തിലായിരുന്നു സംഭവം. കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങാൻ പോയ നാലാം ക്ലാസ് വിദ്യാർഥിനിയെ 10 രൂപ നാണയം നല്കി വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയ പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പ്രോസിക്യൂഷൻ കേസ്. പിന്നീട് വിവരം പിതാവിനോട് പറയുമെന്ന് കുട്ടി പറഞ്ഞതോടെ പ്രതി അരിവാളുമായി പിന്നാലെ എത്തി തല, മുഖം, കഴുത്ത്, കൈകള്‍ എന്നിവിടങ്ങളില്‍ നിരവധി തവണ വെട്ടുകയായിരുന്നു.സംഭവം കണ്ട സാക്ഷിയായ വികാസ് ബർക്യ ഭോലാഡ കുട്ടിയെ രക്ഷിക്കാൻ ശ്രമിച്ചപ്പോള്‍ പ്രതി ഇയാളെയും അരിവാള്‍ ഉപയോഗിച്ച് ആക്രമിച്ചു. കഴുത്തിലും പുറകിലും പരിക്കേറ്റ സാക്ഷി രക്ഷപ്പെട്ടതോടെയാണ് കേസില്‍ നിർണായക തെളിവ് ലഭിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടി പിന്നീട് മരിച്ചു. പോസ്റ്റുമോർട്ടത്തിലും ഫോറൻസിക് പരിശോധനയിലും ലഭിച്ച തെളിവുകള്‍, കൊലപാതകത്തിന് ഉപയോഗിച്ച അരിവാള്‍ എന്നിവ ഉള്‍പ്പെടെ പ്രോസിക്യൂഷൻ ഹാജരാക്കിയ തെളിവുകള്‍ പ്രതിക്കെതിരായ കേസിന് ശക്തമായ പിന്തുണ നല്കി.കേസില്‍ 24 പ്രോസിക്യൂഷൻ സാക്ഷികളെ കോടതി വിസ്തരിച്ചു. പരിക്കേറ്റ സാക്ഷിയുടെ നേരിട്ടുള്ള മൊഴി, ഫോറൻസിക് സയൻസ് ലബോറട്ടറിയിലെ ഡിഎൻഎ പരിശോധന എന്നിവയും നിർണായകമായി. അതേസമയം, അശ്ലീല ദൃശ്യങ്ങളുമായി ബന്ധപ്പെട്ട പോക്സോ നിയമത്തിലെ ഒരു വകുപ്പില്‍ പ്രതിയെ കോടതി കുറ്റവിമുക്തനാക്കി; ദൃശ്യങ്ങള്‍ എപ്പോള്‍ ആക്സസ് ചെയ്തുവെന്ന് ഫോറൻസിക് പരിശോധനയിലൂടെ കൃത്യമായി സ്ഥിരീകരിക്കാനാകാത്തതിനാലാണ് ഈ ഭാഗത്ത് കുറ്റവിമുക്തനാക്കിയത്. കുട്ടിയെ 10 രൂപ നാണയം നല്കി വശീകരിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് മുൻകൂട്ടി ആസൂത്രണം ചെയ്ത കുറ്റകൃത്യത്തിന്റെ ഭാഗമായിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു. കുട്ടിയുടെ പ്രായവും പ്രതിയുടെ പ്രായവും തമ്മിലുള്ള വലിയ വ്യത്യാസവും, പ്രകോപനമൊന്നുമില്ലാതെ നടത്തിയ ക്രൂരമായ കൊലപാതകവും കോടതി പ്രത്യേകം ചൂണ്ടിക്കാട്ടി. നിരവധി മുറിവുകള്‍ ഏല്‍പ്പിച്ച പ്രതിയുടെ പ്രവൃത്തി അത്യന്തം ക്രൂരവും സമൂഹത്തിന്റെയും നീതിന്യായ വ്യവസ്ഥയുടെയും മനഃസാക്ഷിയെ ഞെട്ടിക്കുന്നതുമാണെന്ന് വിലയിരുത്തിയാണ് കോടതി വധശിക്ഷ വിധിച്ചത്.
ഒമ്പതുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; 51കാരന് വധശിക്ഷ
