ന്യൂഡല്‍ഹി: ഇസ്ലാം സ്വീകരിച്ചതിന്റെ പേരില്‍ കുടുംബം അഞ്ച് വര്‍ഷമായി വീട്ടുതടങ്കലിലാക്കിയ സഹോദരിമാരായ രണ്ട് യുവതികളെ മോചിപ്പിച്ച് അലഹബാദ് ഹൈക്കോടതി. മാതാപിതാക്കളും യുപി സര്‍ക്കാരും ചേര്‍ന്ന് 25 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്നും ജസ്റ്റിസ് സന്ദീപ് ജെയിന് അധ്യക്ഷനായ ബെഞ്ച് നിര്‍ദേശിച്ചു.20കാരിയായ സോയ ദിയ ഭാട്ടിയ, 35കാരിയായ ആമിന അന്‍ഷു ഭാട്ടിയ എന്നീ സഹോദരിമാരെയാണ് സ്വന്തം ഇഷ്ടപ്രകാരം കഴിയാന്‍ വിടണമെന്ന് കോടതി ഉത്തരവിട്ടത്. യുവതികള്‍ ഇസ്ലാം മതം സ്വീകരിക്കുകയും തങ്ങള്‍ക്ക് ഇഷ്ടപ്പെട്ടയാളെ വിവാഹം ചെയ്യാന്‍ തീരുമാനിക്കുകയും ചെയ്തതാണ് കുടുംബത്തിന്റെ എതിര്‍പ്പിനിടയാക്കിയത്. തുടര്‍ന്ന് ഇരുവരെയും വീട്ടുതടങ്കലിലാക്കുകയായിരുന്നു.ഇരുവരെയും വീട്ടുതടങ്കലിലാക്കിയതോടെയാണ് കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജിയെത്തിയത്. തുടര്‍ന്ന് ഇരുവരെയും ഹാജരാക്കാന്‍ കോടതി ഉത്തരവിട്ടിരുന്നു. ഇസ്ലാമിലേക്ക് മാറാനുള്ള മക്കളുടെ തീരുമാനത്തെ എതിര്‍ത്ത പിതാവ് അനില്‍കുമാര്‍ ഭാട്ടിയ ഇരുവരെയും നിര്‍ബന്ധിത മതംമാറ്റത്തിന് വിധേയരാക്കിയെന്നാണ് ആരോപിച്ചിരുന്നത്. ഇയാളുടെ പരാതിയില്‍ കഴിഞ്ഞ വര്‍ഷം ആഗ്ര പൊലീസ് കേസെടുക്കുകയും ചെയ്തിരുന്നു.വിശ്വാസം, വിവാഹം, താമസം തുടങ്ങിയ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ അവകാശമുള്ള പ്രായപൂര്‍ത്തിയായ വ്യക്തികളാണ് ഇരുവരുമെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉത്തരവ് പ്രകാരം യുവതികളെ കോടതിയില്‍ ഹാജരാക്കിയപ്പോഴാണ് നഷ്ടപരിഹാരം അനുവദിച്ചുകൊണ്ട് വിധിച്ചത്.
ഇസ്ലാം സ്വീകരിച്ചതിന് അഞ്ച് വര്‍ഷമായി വീട്ടുതടങ്കലിലായ യുവതികളെ മോചിപ്പിച്ച് അലഹബാദ് ഹൈക്കോടതി
