കോതമംഗലം എസ്‌എച്ച്‌ഒയെ സമൂഹമാധ്യമങ്ങളിലൂടെ ഭീഷണിപ്പെടുത്തിയ കേസില്‍ പ്രതി അർജുൻ ആയങ്കിക്ക് മുൻകൂർ ജാമ്യം നല്‍കാൻ ഹൈക്കോടതി വിസമ്മതിച്ചു.അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷയാണ് ഹൈക്കോടതി തള്ളിയത്.കേസ് ഗൗരവതരമാണെന്നും അർജുൻ ആയങ്കിയുടെ കസ്റ്റഡി അന്വേഷണത്തിന് അനിവാര്യമാണെന്നും കോടതി നിരീക്ഷിച്ചു. പ്രതിയെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യണമെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാനും അന്വേഷണത്തില്‍ ഇടപെടാനും സാധ്യതയുണ്ടെന്നും ഹൈക്കോടതി വിലയിരുത്തി.സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസില്‍ അർജുൻ ആയങ്കി ഉള്‍പ്പെടെ ആറ് പേരെ മെയ് മാസത്തില്‍ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ പുന്നേക്കാടുള്ള ഒരു റിസോർട്ടില്‍ വച്ചായിരുന്നു പൊലീസ് നടപടി.അർജുൻ ആയങ്കിക്കൊപ്പം മരട് അനീഷിന്റെ കൂട്ടാളികളും കസ്റ്റഡിയിലുണ്ടായിരുന്നു. ഇവർ സഞ്ചരിച്ച വാഹനങ്ങളും പൊലീസ് കസ്റ്റഡിയിലെടുത്തു.ഈ കേസില്‍ ജാമ്യത്തില്‍ പുറത്തിറങ്ങിയതിന് പിന്നാലെയാണ് അർജുൻ ആയങ്കി ഫേസ്ബുക്കിലൂടെ കോതമംഗലം സിഐ പ്രശാന്തിനെ ഭീഷണിപ്പെടുത്തിയത്.”കോതമംഗലം സർക്കിള്‍ ഏമാന് ഒരു മനസ്സ് തുറന്ന കത്ത്” എന്ന പേരിലായിരുന്നു ഭീഷണി പോസ്റ്റ്. സമാധാനമായി പെൻഷൻ വാങ്ങി ശിഷ്ടജീവിതം നയിക്കാൻ അനുവദിക്കില്ലെന്നായിരുന്നു പോസ്റ്റിലെ പ്രധാന പരാമർശം. ആരെയൊക്കെയോ പ്രീതിപ്പെടുത്താൻ വേണ്ടിയായിരുന്നു തങ്ങള്‍ക്കെതിരായ നടപടിയെന്നും പോസ്റ്റില്‍ ആരോപിച്ചു.പൊലീസ് നടപടിയില്‍ തങ്ങളാരും ക്ഷമിച്ച് വീട്ടില്‍ പോയി കഞ്ഞിയും കുടിച്ച് കിടന്നുറങ്ങില്ലെന്നും, ഇത്രയേറെ പേരുടെ ജീവിതം ഒറ്റരാത്രികൊണ്ട് കീഴ്മേല്‍ മറിച്ച തന്നെ വെറുതെ വിടില്ലെന്നും അർജുൻ ആയങ്കി പോസ്റ്റില്‍ പറഞ്ഞിരുന്നു. ഈ പോസ്റ്റിന്റെ അടിസ്ഥാനത്തിലാണ് കോതമംഗലം പൊലീസ് ഭീഷണിപ്പെടുത്തല്‍, പൊലീസ് ഉദ്യോഗസ്ഥനെ കൃത്യനിർവഹണം തടസപ്പെടുത്തല്‍ എന്നീ വകുപ്പുകള്‍ പ്രകാരം പുതിയ കേസ് രജിസ്റ്റർ ചെയ്തത്. ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ അർജുൻ ആയങ്കിയെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനാണ് പൊലീസ് നീക്കം.
കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്: അര്‍ജുൻ ആയങ്കിക്ക് മുൻകൂര്‍ ജാമ്യമില്ലെന്ന് ഹൈക്കോടതി
