സിറാജ് തിരുവനന്തപുരം യൂണിറ്റ് ചീഫ് ആയിരുന്ന കെ എം ബഷീറിനെ ഐ എ എസ് ഓഫീസർ ശ്രീറാം വെങ്കിട്ടരാമൻ കാറിടിച്ച് കൊലപ്പെടുത്തിയ കേസില്‍ സംസ്ഥാന സർക്കാരിന് ഹൈക്കോടതിയുടെ നോട്ടീസ്.ബഷീറിന്റെ ഭാര്യ സി ജസീലാ സമർപ്പിച്ച ഹർജിയിലാണ് നടപടി. ഒരാഴ്ചയ്ക്കകം മറുപടി നല്‍കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണ് തിരുവനന്തപുരത്ത് വെച്ച് കെ എം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമൻ മദ്യലഹരിയില്‍ വാഹനം ഇടിച്ചു കൊലപ്പെടുത്തിയത്. ഈ കേസിന്റെ വിചാരണ നടപടികള്‍ തിരുവനന്തപുരം പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ നിന്ന് മറ്റൊരു കോടതിയിലേക്ക് (നാലാം നമ്പർ കോടതി) മാറ്റിയിരുന്നു. ഇതിനെതിരെയാണ് ജസീല ഹൈക്കോടതിയെ സമീപിച്ചത്.കേസില്‍ പ്രത്യേക പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കണമെന്നും വിചാരണക്കോടതി മാറ്റിയ തിരുവനന്തപുരം അഡീഷണല്‍ സെഷൻസ് കോടതിയുടെ ഉത്തരവ് റദ്ദാക്കണമെന്നുമാണ് ജസീലാ ഹർജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഈ ആവശ്യങ്ങളില്‍ സർക്കാറിന്റെ നിലപാട് അറിയിക്കാനാണ് ഹൈക്കോടതി നിർദ്ദേശിച്ചിട്ടുള്ളത്.വാദം കേട്ടതിനു ശേഷം ഹൈക്കോടതി കേസില്‍ അന്തിമ തീരുമാനമെടുക്കും.
കെ എം ബഷീറിന്റെ കൊലപാതകം: സംസ്ഥാന സര്‍ക്കാറിന് നോട്ടീസയച്ച് ഹൈക്കോടതി
