കാൽനടയാത്രക്കാർക്ക് പ്രത്യേക പാത വേണം; കേന്ദ്രത്തോട് സുപ്രീം കോടതി

ന്യൂഡൽഹി: രാജ്യത്തെ എല്ലാ റോഡുകളിലും കാൽനടയാത്രക്കാർക്കായി കൃത്യമായി വേർതിരിച്ച, കയ്യേറ്റമില്ലാത്ത പ്രത്യേക യാത്രാസൗകര്യം ഉറപ്പാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി നിർദേശിച്ചു. കാൽനടപ്പാതകൾ വാഹനപാതകളിൽ നിന്ന് വ്യക്തമായി വേർതിരിക്കുകയും അവ കയ്യേറപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് നിർദേശം നൽകണമെന്നും കോടതി ആവശ്യപ്പെട്ടു.ജസ്റ്റിസ് പി.എസ്. നരസിംഹയും ജസ്റ്റിസ് അലോക് അരാധെയും അടങ്ങിയ ബെഞ്ചാണ് നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്രത്തിനുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ കെ.എം. നടരാജിനോടാണ് കോടതി നിർദേശം നൽകിയത്.വലിയ സാമ്പത്തിക ചെലവോ നിർമാണപ്രവർത്തനങ്ങളോ ഇല്ലാതെ തന്നെ കാൽനടപ്പാതകൾ വ്യക്തമായി അടയാളപ്പെടുത്താൻ കഴിയുമെന്ന് കോടതി ചൂണ്ടിക്കാട്ടി. റോഡുള്ളിടത്തെല്ലാം കാൽനടയാത്രക്കാർക്കായി പ്രത്യേക പാത ഒരുക്കണമെന്നും, കയറുകൊണ്ട് അതിർത്തി തിരിച്ചാണെങ്കിലും കയ്യേറ്റം തടയണമെന്നും കോടതി വ്യക്തമാക്കി. വാഹനങ്ങളുടെ ഭീഷണിയില്ലാതെ സഞ്ചരിക്കാമെന്ന ആത്മവിശ്വാസം കാൽനടയാത്രക്കാർക്ക് ഉണ്ടാകുന്ന രീതിയിൽ സംവിധാനങ്ങൾ ഒരുക്കണമെന്നും നിർദേശിച്ചു.ഇക്കാര്യത്തിൽ ബന്ധപ്പെട്ട അധികാരികൾക്ക് ആവശ്യമായ നിർദേശങ്ങൾ നൽകാൻ അഡീഷണൽ സോളിസിറ്റർ ജനറലിന് സുപ്രീം കോടതി രണ്ട് ആഴ്ച സമയം അനുവദിച്ചു. ഹർജി രണ്ടാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.കൃത്യമായി വേർതിരിച്ച ഫുട്പാത്തിലൂടെ നടക്കാനുള്ള അവകാശം ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശമാണെന്ന് സുപ്രീം കോടതി ജൂൺ 19-ന് പുറപ്പെടുവിച്ച വിധിയിലും വ്യക്തമാക്കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *