സല്‍മാൻ റുഷ്ദി വധശ്രമം: പ്രതി ഹാദി മതാര്‍ അന്താരാഷ്ട്ര ഭീകരവാദ കുറ്റങ്ങളില്‍ കുറ്റക്കാരനെന്ന് യു.എസ് കോടതി

പ്രശസ്ത എഴുത്തുകാരൻ സല്‍മാൻ റുഷ്ദിയെ 2022-ല്‍ വേദിയില്‍ വെച്ച്‌ ക്രൂരമായി കുത്തിപ്പരിക്കേല്‍പ്പിച്ച കേസില്‍ പ്രതി ഹാദി മതാർ (28) കുറ്റക്കാരനാണെന്ന് യു.എസ് ഫെഡറല്‍ ജൂറി കണ്ടെത്തി.അന്താരാഷ്ട്ര ഭീകരവാദ പ്രവർത്തനം ഉള്‍പ്പെടെയുള്ള കടുത്ത ഫെഡറല്‍ കുറ്റങ്ങളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഇതിനകം തന്നെ വധശ്രമക്കേസില്‍ ന്യൂയോർക്ക് സംസ്ഥാന കോടതി വിധിച്ച 25 വർഷത്തെ തടവുശിക്ഷ അനുഭവിക്കുന്ന പ്രതിക്ക് പുതിയ ഫെഡറല്‍ കുറ്റസ്ഥാപനത്തോടെ ജീവപര്യന്തം തടവുശിക്ഷ ലഭിച്ചേക്കാം.‘ദി സാത്താനിക് വേഴ്സസ്’ എന്ന നോവലിൻ്റെ പേരില്‍ സല്‍മാൻ റുഷ്ദിക്കെതിരെ 1989-ല്‍ അന്തരിച്ച ഇറാൻ പരമോന്നത നേതാവ് അയത്തുള്ള റൂഹുള്ള ഖൊമേനി പുറപ്പെടുവിച്ച വധശിക്ഷാ വിധി (ഫത്‌വ) നടപ്പാക്കാനാണ് താൻ ശ്രമിച്ചതെന്ന് പ്രതി വിവിധ മെസ്സേജിങ് ആപ്പുകളിലൂടെ വെളിപ്പെടുത്തിയിരുന്നതായി പ്രോസിക്യൂഷൻ കോടതിയില്‍ തെളിയിച്ചു. ലെബനീസ് ഭീകരസംഘടനയായ ഹിസ്ബുള്ളയോടുള്ള ആഭിമുഖ്യവും ഇയാളുടെ സന്ദേശങ്ങളില്‍ വ്യക്തമായിരുന്നു.2022 ഓഗസ്റ്റില്‍ പടിഞ്ഞാറൻ ന്യൂയോർക്കിലെ ഷതൌക്വ ഇൻസ്റ്റിറ്റ്യൂഷനില്‍ വെച്ചാണ് റുഷ്ദിക്ക് നേരെ ആക്രമണമുണ്ടായത്. വേദിയിലേക്ക് ഇരച്ചുകയറിയ പ്രതി റുഷ്ദിയെ 15 തവണയാണ് കുത്തിയത്. ആക്രമണത്തില്‍ റുഷ്ദിയുടെ വലതുകണ്ണിൻ്റെ കാഴ്ച നഷ്ടപ്പെടുകയും കരളിനും ഇടതുകൈയ്ക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഈ ആക്രമണത്തെ അതിജീവിച്ചത് ഒരു അത്ഭുതമാണെന്ന് റുഷ്ദി പിന്നീട് പ്രതികരിച്ചിരുന്നു. ആക്രമണത്തെക്കുറിച്ചുള്ള ഓർമ്മകള്‍ പങ്കുവെച്ച്‌ റുഷ്ദി 2024-ല്‍ ഒരു സ്മരണിക പ്രസിദ്ധീകരിക്കുകയും കഴിഞ്ഞ വർഷം ‘ദി ഇലവൻത് അവർ’ എന്ന പുതിയ നോവല്‍ പുറത്തിറക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *