ഭാര്യയ്ക്കും മകള്‍ക്കും ജീവനാംശം നല്‍കാതിരിക്കുന്നത് സാമ്പത്തിക ദുരുപയോഗവും ഗാർഹിക പീഡനവുമാണെന്ന് ഹൈക്കോടതി.ഭർതൃവീട്ടിലെ ഗാർഹിക പീഡനത്തിന്, ഭാര്യയ്ക്ക് ജീവനാംശം നിഷേധിച്ചതിനെക്കാള്‍ കൂടുതല്‍ തെളിവ് ആവശ്യമില്ലെന്നും ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ നിരീക്ഷിച്ചു.ഭാര്യയ്ക്കും മകള്‍ക്കും പ്രതിമാസം 10,000 രൂപ വീതം ജീവനാംശം നല്‍കണമെന്ന ഉത്തരവിനെതിരെ ഭർത്താവ് നല്കിയ പുനഃപരിശോധനാ ഹർജി കോടതി തള്ളി. ചിറ്റൂർ മജിസ്ട്രേറ്റ് കോടതിയുടെ ഉത്തരവ് നേരത്തേ പാലക്കാട് സെഷൻസ് കോടതി ശരി വെച്ചിരുന്നു. ഭാര്യ സ്വകാര്യ കോളേജില്‍ അധ്യാപികയാണെന്നത് കണക്കിലെടുക്കാതെയാണ് ഉയർന്ന തുക ജീവനാംശമായി അനുവദിച്ചതെന്നായിരുന്നു ഭർത്താവിന്റെ വാദം.എന്നാല്‍, നിലവിലെ ജീവിത ചെലവ് കണക്കിലെടുക്കുമ്പോള്‍ അനുവദിച്ച തുക ഉയർന്നതല്ലെന്ന് ഹൈക്കോടതി വിലയിരുത്തി. ജീവനാംശം നല്‍കാനുള്ള സാമ്പത്തികശേഷി തനിക്കില്ലെന്ന ഭർത്താവിന്റെ വാദവും കോടതി തള്ളി. സാമ്പത്തികശേഷി ഉണ്ടെങ്കിലും ഇല്ലെങ്കിലും ഭാര്യയ്ക്കും മകള്‍ക്കും അന്തസ്സോടെ ജീവിക്കാൻ ആവശ്യമായ ജീവനാംശം നല്‍കേണ്ടത് ഭർത്താവിന്റെ ബാധ്യതയാണെന്നും കോടതി ചൂണ്ടിക്കാണിച്ചു.
ഭാര്യയ്ക്ക് ജീവനാംശം നല്കാതിരിക്കുന്നതും ഗാര്‍ഹിക പീഡനമെന്ന് ഹൈക്കോടതി
