അഞ്ചരക്കണ്ടി ഡെന്‍റല്‍ കോളജ് വിദ്യാർഥി നിതിൻ രാജിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിലെ മുഖ്യപ്രതി ഡോ.എം.കെ റാം കസ്റ്റഡിയില്‍.അഞ്ച് ദിവസത്തേക്കാണ് പ്രതിയെ തലശ്ശേരി സെഷൻസ് കോടതി കസ്റ്റഡിയില്‍ വിട്ടത്. കോടതി പ്രൊഡക്ഷൻ വാറണ്ട് നല്‍കിയതിനാലാണ് റാമിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയിരുന്നത്. ആഗസ്റ്റ് ഒന്നിന് പ്രതിയെ തിരികെ കോടതിയില്‍ ഹാജരാക്കണം.പുതുതായി രൂപീകരിച്ച ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഡിവൈഎസ്പി ജീവൻ ജോർജിന്‍റെ നേതൃത്വത്തില്‍ നടക്കുന്ന അന്വേഷണത്തിന് മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രനാണ് മേല്‍നോട്ടം വഹിക്കുന്നത്. റാമിനെ വിശദമായി ചോദ്യം ചെയ്യുന്നതിന് പുറമെ, കണ്ണൂർ ഡെന്‍റല്‍ കോളജിലും സംഭവസ്ഥലങ്ങളിലും തെളിവ് നടത്താനും അന്വേഷണസംഘത്തിന് പദ്ധതിയുണ്ട്. നിതിൻ രാജിന്‍റെ മാതാപിതാക്കളുടെയും മറ്റ് സാക്ഷികളുടെയും മൊഴികള്‍ വീണ്ടും രേഖപ്പെടുത്തുമെന്നും അന്വേഷണസംഘം അറിയിച്ചു.നിതിൻ രാജിന്‍റെ മരണത്തിന് പിന്നാലെ ജാതീയധിക്ഷേപവും മാനസികപീഡനവും ആരോപിച്ച് റാമിനെതിരെ ആത്മഹത്യാപ്രേരണ അടക്കമുള്ള വകുപ്പുകളും എസ്സി, എസ്ടി അതിക്രമ നിരോധനനിയമവും ചുമത്തി കേസെടുത്തിരുന്നു. മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയും പിന്നീട് സുപ്രിംകോടതിയും തള്ളിയിരുന്നു. റാമിന്‍റെ പെരുമാറ്റത്തെ മനുഷ്യത്വരഹിതമന്ന് വിശേഷിപ്പിച്ച സുപ്രിംകോടതി, കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും നിരീക്ഷിക്കുകയുണ്ടായി.
നിതിൻ രാജിന്‍റെ മരണം; മുഖ്യപ്രതി ഡോ. റാമിനെ അഞ്ച് ദിവസത്തേക്ക് കസ്റ്റഡിയില്‍ വിട്ടു
