കൊല്‍ക്കത്ത: വിവാഹവാഗ്ദാനം നല്കി ലൈംഗികമായി പീഡിപ്പിച്ചെന്ന മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ പരാതിയില്‍ ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ വിക്കറ്റ് കീപ്പര്‍-ബാറ്ററായ അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ കൊല്‍ക്കത്ത ഹൈക്കോടതി നിര്‍ദേശിച്ചു. പരാതിക്കാരിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ താരത്തിന്റെ മൊബൈല്‍ ഫോണും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുക്കാനും കോടതി പൊലീസിന് നിര്‍ദേശം നല്കി.വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ട ശേഷം മര്‍ദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് മെഡിക്കല്‍ വിദ്യാര്‍ഥിനിയുടെ പരാതി. ബലാത്സംഗം, വിവാഹവാഗ്ദാനം നല്കി ലൈംഗിക ചൂഷണം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പരാതിയില്‍ ചുമത്തിയിരിക്കുന്നത്. ജൂണില്‍ തന്നെ ബംഗാള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നെങ്കിലും, കഴിഞ്ഞ ചൊവ്വാഴ്ച യുവതിയും അമ്മയും ഹൂഗ്ലി ജില്ലയിലെ മോഗ്ര പൊലീസ് സ്റ്റേഷനില്‍ വീണ്ടും പരാതി നല്‍കുകയായിരുന്നു.തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. പരാതിയില്‍ പറയുന്നതനുസരിച്ച്, കഴിഞ്ഞ മൂന്ന് വര്‍ഷമായി ഇരുവരും പ്രണയത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതിനെ തുടര്‍ന്ന് പോറല്‍ അകന്നു തുടങ്ങിയെന്നും, വിവാഹവാഗ്ദാനം നല്‍കിയിട്ടും പിന്നീട് അതില്‍ നിന്ന് പിന്മാറിയെന്നും യുവതി ആരോപിക്കുന്നു. ഇതില്‍ നിയമനടപടി സ്വീകരിക്കണമെന്നാണ് പരാതിയിലെ ആവശ്യം. അതേസമയം, നിലവില്‍ ബെംഗളൂരുവിലുള്ള അഭിഷേക് പോറല്‍ ആരോപണങ്ങള്‍ തള്ളിക്കളഞ്ഞു.കേസ് അടിസ്ഥാനരഹിതമാണെന്നും ഇതുവരെ പൊലീസ് തന്നെ ബന്ധപ്പെട്ടിട്ടില്ലെന്നും താരം പ്രതികരിച്ചു. ‘ഞാന്‍ ഇപ്പോള്‍ നല്ല പ്രകടനമാണ് നടത്തുന്നത്. അതിനാലാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയരുന്നത്. പൊലീസ് അന്വേഷണം പൂര്‍ത്തിയാക്കിയ ശേഷം വിശദമായി പ്രതികരിക്കും,’ പോറല്‍ പറഞ്ഞു. 2023 മുതല്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി ഐപിഎല്ലില്‍ കളിക്കുന്ന ഇടംകൈയന്‍ ബാറ്ററായ പോറല്‍, ഇന്ത്യ എ ടീമിനൊപ്പവും വിദേശ പര്യടനങ്ങള്‍ നടത്തിയിട്ടുണ്ട്.2021-22 സീസണില്‍ ബംഗാളിനായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച താരം ഇതുവരെ 32 ഫസ്റ്റ് ക്ലാസ് മത്സരങ്ങളും 23 ലിസ്റ്റ് എ മത്സരങ്ങളും കളിച്ചിട്ടുണ്ട്.
വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്ന പരാതി; അഭിഷേക് പോറലിനെ അറസ്റ്റ് ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം
