സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റും; ഉത്തരവിട്ട് ദില്ലി ഹൈക്കോടതി

സിജെപി സമരത്തിന് പിന്തുണ പ്രഖ്യാപിച്ച സാമൂഹ്യപ്രവർത്തകൻ സോനം വാങ്ചുക്കിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ ദില്ലി ഹൈക്കോടതി ഉത്തരവ്.സോനത്തെ ഏത് ആശുപത്രിയിലേക്ക് മാറ്റിയാലും കുഴപ്പമില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചിരുന്നു. നിലവില്‍ സോനത്തെ മേദാന്ത ആശുപത്രിയിലേക്ക് മാറ്റുവാണ് തീരുമാനം. സംഭവത്തില്‍ കോടതിക്ക് നന്ദിയറിയിച്ച്‌ സോനം വാങ്ങ്ചുക്കിൻ്റെ ഭാര്യ ഗീതാഞ്ജലി ആംഗ്മോ രംഗത്തെത്തി. സോനത്തിൻ്റെ ആരോഗ്യാവസ്ഥ ചൂണ്ടിക്കാട്ടി ഗീതാഞ്ജലി ആംഗ്മോയാണ് കോടതിയെ സമീപിച്ചത്.അതേസമയം, സിജെപി സമരത്തിനിടെ ഇന്നലെ ഉണ്ടായ സംഘർഷത്തില്‍ 70 പേരെ ദില്ലി പൊലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷത്തില്‍ പൊതുമുതല്‍ നശിപ്പിക്കല്‍ അടക്കം വകുപ്പുകള്‍ ചുമത്തി കേസെടുത്തു. 5 ഐപിഎസുകാർ ഉള്‍പ്പെടെ 118 പൊലീസുകാർക്ക് പരിക്കേറ്റെന്നും പൊലീസ് പറയുന്നു. പരിക്കേറ്റവരില്‍ സെപ്ഷ്യല്‍ കമ്മീഷണറും ഡിസിപിമാരും ഉള്‍പ്പെടും. സമരക്കാർ 20 വാഹനങ്ങളും നശിപ്പിച്ചുവെന്ന് പൊലീസ് പറയുന്നു. രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകരെ എങ്ങനെ നേരിടണമെന്ന് ദില്ലി പൊലീസ് ചർച്ച ചെയ്തു. അതേസമയം, രാത്രിയോടെ സമരവേദിയിലേക്ക് തിരിച്ചെത്തിയ സിജെപി പ്രവർത്തകർ സമരം തുടരുകയാണ്. പാർലമെന്റിലേക്ക് വീണ്ടും മാർച്ച്‌ നടത്തുമെന്നും സിജെപി അറിയിച്ചു. ഇത് സംബന്ധിച്ച്‌ തീരുമാനം ഉടൻ പ്രഖ്യാപിക്കും. ദില്ലി പൊലീസ് അടിച്ചു തകർത്ത സമരവേദി സിജെപി പ്രവര്‍ത്തകര്‍ ശുചീകരിച്ചു. വീണ്ടും സമരപ്പന്തല്‍ അടക്കം കെട്ടാൻ പ്രവർത്തകർ ഒരുങ്ങുന്നു.സമരപ്പന്തലായ ജന്തർമന്ദറില്‍ നിന്ന് സമരക്കാരെ പൊലീസ് അടിച്ചോടിച്ചിരുന്നു. സോനം വാങ് ചുക്ക് അടക്കമുള്ളവർ സമരം ചെയ്ത വേദിയാണ് പൊലീസ് പൊളിച്ചുമാറ്റിയത്. ലാത്തി ചാർജ്ജ് നടത്തിയും ടിയർ ഗ്യാസ് പ്രയോഗിച്ചുമാണ് സമരക്കാരെ മാറ്റിയത്. സമരപ്പന്തലിലെ ഷീറ്റുകളടക്കം പൊളിച്ചുമാറ്റി. പ്രദേശമാകെ ദ്രുതകർമ സേനയെയും വിന്യസിച്ചു. അതേസമയം, നഗരത്തില്‍ സമരം ശക്തിപ്പെട്ടതോടെ തലസ്ഥാന നഗരത്തില്‍ സംഘർഷമുണ്ടായി. ജന്തർ മന്തറില്‍ വീണ്ടും സംഘർഷമുണ്ടാകുകയും സമരക്കാർ പാർലമെന്റിലേക്ക് നീങ്ങാൻ ശ്രമിക്കുകയും ചെയ്തു. എന്നാല്‍, ബാരിക്കേഡ് ഉപയോഗിച്ച്‌ പൊലീസ് സമരക്കാരുടെ നീക്കം തടഞ്ഞു. അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലാണ് മാർച്ച്‌. പൊലീസ് ലാത്തിച്ചാർജ് നടത്തുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. പാർലമെൻറ് മന്ദിരത്തിനടുത്തും പൊലീസ് കണ്ണീർവാതകം പ്രയോഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *