സുപ്രീം കോടതിവഖഫ് ബോർഡുമായി ബന്ധപ്പെട്ട വിഷയത്തിൽ ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് സുപ്രീം കോടതിയിൽ കേവിയറ്റ് (തടസ്സഹർജി) സമർപ്പിച്ചു.കേരള വഖഫ് ബോർഡും ബോർഡ് അംഗങ്ങളും കേരള ഹൈക്കോടതിയുടെ ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാൻ തീരുമാനിച്ച സാഹചര്യത്തിൽ തടസ്സ ഹർജിയുമായി (കേവിയറ്റ്) ബിജെപി സംസ്ഥാന ഉപാധ്യക്ഷൻ അഡ്വ. ഷോൺ ജോർജ് സുപ്രീം കോടതിയിൽ.ബോർഡിന്റെയും ബോർഡ് അംഗങ്ങളുടെയും ഭാഗത്തുനിന്ന് സമർപ്പിക്കപ്പെടുന്ന ഏതെങ്കിലും ഹർജിയിൽ, തന്റെ വാദം കേൾക്കാതെ സുപ്രീം കോടതി യാതൊരു ഇടക്കാല ഉത്തരവും പുറപ്പെടുവിക്കരുതെന്ന് ആവശ്യപ്പെട്ടാണ് അഡ്വ. ഷോൺ ജോർജ് കേവിയറ്റ് ഫയൽ ചെയ്തിരിക്കുന്നത്.പ്രധാനപ്പെട്ട നയപരമായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിൽ നിന്ന് കേരള വഖഫ് ബോർഡിനെ വിലക്കിയ കേരള ഹൈക്കോടതി ഉത്തരവിനെതിരെ ബോർഡ് സുപ്രീം കോടതിയെ സമീപിക്കുകയാണ്. വിഷയം അടിയന്തരമായി പരിഗണിക്കണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന്, ഹർജി തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ പരിഗണനാ പട്ടികയിൽ ഉൾപ്പെടുത്താമെന്ന് ചീഫ് ജസ്റ്റിസ് സൂര്യ കാന്ത് അറിയിച്ചു.കേരള വഖഫ് ബോർഡിന്റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹർജികളിൽ ഹൈക്കോടതിയിൽ സ്വീകരിച്ച നിലപാടിനെ തുടർന്ന് സംസ്ഥാന സർക്കാരും മുസ്ലിം ലീഗും രാഷ്ട്രീയ വിമർശനം നേരിടുകയാണ്. ഭേദഗതി ചെയ്ത വഖഫ് നിയമപ്രകാരം ബോർഡിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട മുസ്ലിം ഇതര അംഗങ്ങളെ നിയമിക്കാതെയാണ് നിലവിലെ ബോർഡ് രൂപീകരിച്ചതെന്നും അതിനാൽ ബോർഡിന്റെ സാധുത ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നുമാണ് ബിജെപി നേതാവ് ഷോൺ ജോർജ് ഉൾപ്പെടെയുള്ള ഹർജിക്കാരുടെ വാദം.ഈ വാദത്തെ സർക്കാർ അംഗീകരിച്ച നിലപാട് മുസ്ലിം സംഘടനകളുടെയും വിവിധ രാഷ്ട്രീയ വിഭാഗങ്ങളുടെയും വിമർശനത്തിന് ഇടയാക്കിയിട്ടുണ്ട്. ബിജെപിയുടെ രാഷ്ട്രീയ നിലപാടുകൾക്ക് അനുകൂലമായ സാഹചര്യം ഒരുക്കുകയാണ് സർക്കാർ എന്നാണ് വിമർശകരുടെ ആരോപണം. സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ഇരുവിഭാഗങ്ങളും ഇന്ത്യൻ നാഷണൽ ലീഗും (INL) വെൽഫെയർ പാർട്ടി ഓഫ് ഇന്ത്യയും (WPI) സർക്കാരിന്റെ നിലപാടിനെ വിമർശിച്ചു.
വഖഫ് ബോർഡ് വിഷയം: സുപ്രീം കോടതിയിൽ തടസ്സഹർജിയുമായി ഷോൺ ജോർജ്
