ഓൺ സ്ക്രീൻ മാർക്കിംഗ്: വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണമെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് (ഒഎസ്എം) സംവിധാനത്തിൽ പ്രശ്നങ്ങൾ ഉണ്ടെന്ന് സുപ്രീം കോടതി. വിദ്യാർത്ഥികളുടെ വിഷമം സിബിഎസ്‌ഇ മനസിലാക്കണമെന്നും സുപ്രീം കോടതി കൂട്ടിച്ചേർത്തു. ഒഎസ്എം സംവിധാനത്തിനെതിരെ സമർപ്പിച്ച ഹർജികൾ പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.വിദ്യാർത്ഥികളുടെ നിരാശകൾ കാണണം. കുട്ടികൾക്ക് പ്രതികൂലമായ നിലപാട് സിബിഎസ്ഇയുടെ ഭാഗത്ത് നിന്ന് ഉണ്ടാക്കരുതെന്നും കോടതി ആവശ്യപ്പെട്ടു. ഒഎസ്എമ്മിലെ പോരായ്മകൾ പരിഹരിക്കാൻ ഇതുവരെ സ്വീകരിച്ച നടപടികൾ സിബിഎസ്ഇ കോടതിയെ അറിയിക്കണമെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അദ്ധ്യക്ഷനായ ബെഞ്ച് നിർദേശം നൽകി.സിബിഎസ്‌ഇയുടെ ഓൺ സ്ക്രീൻ മാർക്കിംഗ് വിഷയത്തിൽ സോളിസിറ്റർ ജനറൽ തുഷാർ മേത്തയുടെ സഹായവും കോടതി ചോദിച്ചു. ഒഎസ്എം മുല്യനിർണയത്തിലെ പാകപ്പിഴകൾ പരിഹരിക്കാൻ ഏകാംഗ സമിതിയെ നിയോഗിച്ചിട്ടുണ്ടെന്നും വിഷയം പരിശോധിക്കുകയാണെന്നും തുഷാർ മേത്ത കോടതിയെ അറിയിച്ചു.പന്ത്രണ്ടാം ക്ലാസ് മൂല്യനിർണത്തിന് ഇക്കഴിഞ്ഞ അദ്ധ്യയന വർഷം മുതൽ ഏർപ്പെടുത്തിയ ഓൺ സ്ക്രീൻ മാർക്കിംഗ് സംവിധാനത്തെക്കുറിച്ച് വിദ്യാർത്ഥികൾക്കിടയിൽ വ്യാപക പരാതിയാണ് ഉയർന്നത്. എന്നാൽ 10-ാം ക്ലാസിലും ഈ വർഷം ഒഎസ്എം നടപ്പിലാക്കുമെന്ന് സൂചനയാണ് സിബിഎസ്ഇയും കേന്ദ്ര സർക്കാരും നൽകിയിരുന്നത്. ഇത് വലിയ വിവാദത്തിന് കാരണമായി. തുടർന്നാണ് സുപ്രീം കോടതിയിൽ ഹർജികൾ ഫയൽ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *