ബൈജു രവീന്ദ്രന് തിരിച്ചടി; ഹർജി തള്ളി സിംഗപ്പൂര്‍ കോടതി

എഡ്‌ടെക് സംരംഭമായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് വീണ്ടും തിരിച്ചടി. ആറ് മാസത്തെ ജയില്‍വാസം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബൈജു രവീന്ദ്രന്‍ നല്‍കിയ ഹരജി സിംഗപ്പൂര്‍ കോടതി തള്ളി.ബൈജു രവീന്ദ്രന്റെ നിയമസ്ഥാപനമായ ലാസാറെഫ് ലേ ബാര്‍സാണ് ഇക്കാര്യം അറിയിച്ചത്.ഈ ഉത്തരവോടെ ജയില്‍ ശിക്ഷ അനുഭവിക്കാന്‍ തയാറാകാതെ ബൈജു രവീന്ദ്രന് ഇനി സിംഗപ്പൂരിലേക്ക് മടങ്ങാന്‍ സാധിക്കില്ല. അതേസമയം, ഇതുമായി ബന്ധപ്പെട്ട് പ്രതികരണം നടത്താന്‍ സിംഗപ്പൂര്‍ ഹൈകോടതി തയാറായിട്ടില്ല.ബൈജൂസിന്റെ വിദേശത്തെ കടബാധ്യതകളും നിക്ഷേപകരുമായുള്ള തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട നിയമനടപടികളുടെ ഭാഗമായാണ് ബൈജു രവീന്ദ്രനെതിരെ സിംഗപ്പൂരില്‍ മുന്‍പ് കോടതി ഉത്തരവുണ്ടായത്. കോടതി നിര്‍ദേശങ്ങള്‍ ലംഘിച്ചതിനെത്തുടര്‍ന്നുള്ള കോടതി അലക്ഷ്യ നടപടിയുടെ ഭാഗമായാണ് സിംഗപ്പൂര്‍ കോടതി അദ്ദേഹത്തിന് ആറ് മാസത്തെ ജയില്‍ ശിക്ഷ വിധിച്ചിരുന്നത്. ഈ ശിക്ഷാ ഉത്തരവ് മറികടക്കാനും റദ്ദാക്കാനുമായിരുന്നു ബൈജു രവീന്ദ്രന്‍ ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍, അപ്പീലില്‍ ഉന്നയിച്ച വാദങ്ങള്‍ തള്ളിയ സിംഗപ്പൂര്‍ ഹൈക്കോടതി, മുന്‍പത്തെ വിധി നിലനില്‍ക്കുമെന്ന് വ്യക്തമാക്കുകയായിരുന്നു.ഇന്ത്യയില്‍ നാഷണല്‍ കമ്പനി ലോ ട്രൈബ്യൂണലിലുംസുപ്രീം കോടതിയിലും വിവിധ ലിക്വിഡേഷന്‍, പാപ്പരത്ത നടപടികള്‍ നേരിടുന്ന ബൈജൂസിന് ഈ വിധി തിരിച്ചടിയുടെ ആക്കം കൂട്ടും. ബൈജൂസിന്റെ വിദേശ ഫണ്ടുകളുടെ വിനിയോഗത്തെക്കുറിച്ചും, യുഎസ് ആസ്ഥാനമായുള്ള നിക്ഷേപകരുമായുള്ള വായ്പാ തര്‍ക്കങ്ങളെക്കുറിച്ചും വിവിധ അന്താരാഷ്ട്ര ഫോറങ്ങളില്‍ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്. നിലവില്‍ ഇന്ത്യക്ക് പുറത്ത് കഴിയുന്ന ബൈജു രവീന്ദ്രന് സിംഗപ്പൂരിലെ ഈ വിധി വരുംദിവസങ്ങളില്‍ മറ്റ് അന്താരാഷ്ട്ര യാത്രാ തടസ്സങ്ങള്‍ക്കും നിയമപരമായ കൂടുതല്‍ സങ്കീര്‍ണ്ണതകള്‍ക്കും കാരണമായേക്കുമെന്നാണ് നിയമവിദഗ്ദ്ധര്‍ വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *