കൊച്ചി: നടപ്പാതകൾ തടസ്സപ്പെടുത്തുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കാർ നടപടി സ്വീകരിക്കുന്നുണ്ടോ എന്ന് ഹൈക്കോടതി. നടപ്പാത തടസ്സപ്പെടുത്തി വാഹനങ്ങൾ പാർക്ക് ചെയ്യുന്നുണ്ടെന്ന മാധ്യമ റിപ്പോർട്ടുകൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ ജസ്റ്റിസ് എസ്. മുരളീകൃഷ്ണ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് വാക്കാൽ ആരാഞ്ഞത്.തിരുവനന്തപുരത്ത് റോഡ് കൈയേറി പരിപാടി നടത്തിയ സംഭവത്തിൽ മേയർ വി.വി. രാജേഷ് അടക്കമുള്ളവർക്കെതിരേ ഫയൽചെയ്ത കോടതിയലക്ഷ്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി. വഞ്ചിയൂർ പോലീസ് രജിറ്റർ ചെയ്ത എഫ്.ഐ.ആറിന്റെ പകർപ്പ് സർക്കാർ കോടതിയിൽ ഹാജരാക്കി. വിഷയം ജൂലായ് 14-ന് പരിഗണിക്കാൻ മാറ്റി.ആമയിഴഞ്ചാൻ കനാൽ ശുചീകരണ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുനർജനി എന്ന പരിപാടിയുമായി ബന്ധപ്പെട്ടാണ് ജൂൺ അഞ്ചിന് റോഡ് കൈയേറി പരിപാടി നടത്തിയത്. മരട് സ്വദേശി എൻ. പ്രകാശ് ഫയൽ ചെയ്ത കോടതിയലക്ഷ്യ ഹർജിയാണ് കോടതി പരിഗണിച്ചത്.റോഡ് തടസ്സപ്പെടുത്തി പരിപാടികൾ നടത്തുന്നത് വിലക്കി ഉത്തരവുണ്ട്. ഇത് മറികടക്കുന്ന നടപടിയാണ് ഉണ്ടായതെന്നും കോടതിയലക്ഷ്യ നടപടി സ്വീകരിക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം.
നടപ്പാത തടസ്സപ്പെടുത്തുന്നതിനെതിരേ നടപടിയുണ്ടോ എന്ന് ഹൈക്കോടതി
