മുംബൈ: പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് എവിടെ താമസിക്കണം, ആരെ വിവാഹം കഴിക്കണം, പഠനം തുടരണമോ തുടങ്ങിയ ജീവിത നിര്‍ണായക കാര്യങ്ങളില്‍ സ്വതന്ത്രമായി തീരുമാനമെടുക്കാന്‍ പൂര്‍ണമായ നിയമപരമായ അവകാശമുണ്ടെന്ന് ബോംബെ ഹൈക്കോടതി. തെലങ്കാനയില്‍ നിന്നുള്ള 21 വയസ്സുകാരി സമര്‍പ്പിച്ച ഹരജി പരിഗണിക്കവെയായിരുന്നു കോടതിയുടെ നിരീക്ഷണം.തന്നെക്കാള്‍ പത്തു വയസ്സ് മൂത്ത ബന്ധുവിനോട് വിവാഹം കഴിപ്പിക്കാന്‍ കുടുംബം നിര്‍ബന്ധിച്ചതിനെ തുടര്‍ന്നാണ് യുവതി വീടുവിട്ട് മഹാരാഷ്ട്രയിലെത്തിയത്. പഠനം തുടരുകയും സ്വയംപര്യാപ്തയാവുകയും ചെയ്യണമെന്നായിരുന്നു യുവതിയുടെ ആഗ്രഹം. എന്നാല്‍ കുടുംബം ഇതിനെ എതിര്‍ത്തതോടെയാണ് ഭാവി സംരക്ഷിക്കാനായി യുവതി വീടുവിട്ടത്. തുടര്‍ന്ന് യുവതിയെ കാണാനില്ലെന്ന പരാതിയുമായി വീട്ടുകാര്‍ പ്രാദേശിക പോലിസിനെ സമീപിച്ചു. കുടുംബവും നാട്ടുകാരും ചേര്‍ന്ന് തന്നെ ബലമായി തിരിച്ചുകൊണ്ടുപോയി വിവാഹം കഴിപ്പിക്കുമെന്ന ആശങ്കയെ തുടര്‍ന്നാണ് യുവതി ബോംബെ ഹൈക്കോടതിയെ സമീപിച്ചത്. തനിക്ക് സുരക്ഷ ഉറപ്പാക്കണമെന്നും, സ്വന്തം ഇഷ്ടത്തിന് വിരുദ്ധമായി വീട്ടിലേക്ക് തിരികെ കൊണ്ടുപോകാന്‍ ആരെയും അനുവദിക്കരുതെന്നും യുവതി കോടതിയില്‍ ആവശ്യപ്പെട്ടു.ഹരജി പരിഗണിച്ച ജഡ്ജിമാര്‍ യുവതിയുമായി നേരിട്ട് സംസാരിച്ചു. കൃത്യമായ ബോധത്തോടെയും പക്വതയോടെയുമാണ് യുവതി തീരുമാനങ്ങള്‍ എടുക്കുന്നതെന്ന് കോടതിക്ക് ബോധ്യമായി. മാതാപിതാക്കള്‍ നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിക്കില്ലെന്ന് കോടതിയില്‍ ഉറപ്പ് നല്‍കിയെങ്കിലും, വീട്ടിലേക്ക് മടങ്ങാന്‍ യുവതി വിസമ്മതിച്ചു. താന്‍ സുരക്ഷിതയാണെന്ന് കുടുംബത്തെ അറിയിക്കാമെന്ന് അവള്‍ കോടതിയെ അറിയിച്ചു. പ്രായപൂര്‍ത്തിയായ ഒരു യുവതിയെ അവളുടെ ഇഷ്ടത്തിന് വിരുദ്ധമായി വീട്ടിലേക്ക് മടങ്ങാന്‍ നിര്‍ബന്ധിക്കാന്‍ മാതാപിതാക്കള്‍ക്കോ സര്‍ക്കാരിനോ അവകാശമില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. ഇന്ത്യന്‍ ഭരണഘടനയുടെ 21ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന വ്യക്തിസ്വാതന്ത്ര്യത്തിന്റെ ഭാഗമാണ് ഇത്തരം തീരുമാനങ്ങളെന്നും കോടതി ചൂണ്ടിക്കാട്ടി. യുവതിയെ കാണാതായെന്ന പരാതിയില്‍ തെലങ്കാന പോലിസ് രജിസ്റ്റര്‍ ചെയ്ത കേസ് അവസാനിപ്പിക്കാനും ബോംബെ ഹൈക്കോടതി നിര്‍ദേശം നല്‍കി.
പ്രായപൂര്‍ത്തിയായ സ്ത്രീക്ക് സ്വതന്ത്രമായി തീരുമാനം എടുക്കാം: ബോംബെ ഹൈക്കോടതി
