2008ലെ അഹമ്മദാബാദ് സ്ഫോടനക്കേസില്‍ 38 പ്രതികളുടെ വധശിക്ഷ ഗുജറാത്ത് ഹൈക്കോടതി ശരിവച്ചു. 11 പ്രതികള്‍ക്ക് ചുമത്തിയ ജീവപര്യന്തം തടവുശിക്ഷയിലും മാറ്റമില്ല.പ്രതികളില്‍ മൂന്നു പേർ മലയാളികള്‍ ആണ്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, രാജ്യത്തിനെതിരെ യുദ്ധം പ്രഖ്യാപിക്കല്‍, രാജ്യദ്രോഹം, ഭീകരവാദ പ്രവർത്തനങ്ങളില്‍ പങ്കാളികളാകല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്. 2008ലെ അഹമ്മദാബാദ് സ്ഫോടന പരമ്പരയില്‍ 56 പേരാണ് കൊല്ലപ്പെട്ടത്.പ്രത്യേക കോടതിയുടെ വിധി ചോദ്യം ചെയ്തുകൊണ്ട് പ്രതികള്‍ സമർപ്പിച്ച എല്ലാ അപ്പീലുകളും ജസ്റ്റിസുമാരായ എ വൈ കോഗ്ജെ, സമീർ ദവെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് തള്ളുകയായിരുന്നു. നിരോധിത ഭീകരസംഘടനയായ ഇന്ത്യൻ മുജാഹിദ്ദീൻ അംഗങ്ങളാണ് ശിക്ഷിക്കപ്പെട്ടവർ. രാജ്യത്തെ നടുക്കിയ 2008ലെ സ്ഫോടന പരമ്പരയില്‍ 70 മിനിട്ടിനിടെ 21 ബോംബ് സ്ഫോടനങ്ങളാണ് ഉണ്ടായത്. ആദ്യഘട്ട സ്ഫോടനങ്ങളില്‍ പരിക്കേറ്റവരെ പ്രവേശിപ്പിച്ച ആശുപത്രികളെപ്പോലും ലക്ഷ്യമിട്ടായിരുന്നു പിന്നീടുള്ള ആക്രമണങ്ങള്‍ നടന്നത്. 56 പേർ കൊല്ലപ്പെടുകയും 200ലേറെ പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു. 2022ലാണ് പ്രത്യേക കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്. കേസില്‍ ആകെ 78 പ്രതികളാണ് വിചാരണ നേരിട്ടത്. അതില്‍ 49 പേരെ 2022 ഫെബ്രുവരിയില്‍ പ്രത്യേക കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു.
38 പേര്‍ക്ക് വധശിക്ഷയും 11 പേര്‍ക്ക് ജീവപര്യന്തവും, പ്രതികളില്‍ മൂന്ന് പേര്‍ മലയാളികള്‍; അഹമ്മദാബാദ് സ്ഫോടന പരമ്പര കേസില്‍ ശിക്ഷ ശരിവച്ച് ഹൈക്കോടതി
