അലഹബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയെ ഇംപീച്ച് ചെയ്യാൻ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ശുപാർശ ചെയ്തതായി റിപോർട്ട്.ഔദ്യോഗിക വസതിയില്‍ നിന്നും വൻ തോതില്‍ പണം കണ്ടെത്തിയതിനെ തുടർന്ന് യശ്വന്ത് വർമ്മ അന്വേഷണം നേരിട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇംപീച്ച് ചെയ്യാൻ ശുപാർശ ചെയ്തത്.
ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയില്‍ നോട്ടുകെട്ടുകള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സുപ്രീംകോടതി നിയോഗിച്ച ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോർട്ടും അതിന് ജസ്റ്റിസ് വർമ നല്‍കിയ മറുപടിയും സഹിതമാണ് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ചീഫ് ജസ്റ്റിസ് കത്തെഴുതിയത്.
അന്വേഷണ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ആരോപണവിധേയനായ ജസ്റ്റിസ് വർമയോട് മറുപടി തേടിയിരുന്നു. രാജി സമർപ്പിക്കുക, അല്ലെങ്കില്‍ കുറ്റവിചാരണ നേരിടുക എന്ന കാര്യവും സൂചിപ്പിച്ചിരുന്നു. എന്നാല്‍ രാജിവെക്കാൻ തയ്യാറല്ലെന്ന് വർമ അറിയിച്ചതോടെയാണ് ഇംപീച്ച്‌മെന്റ് നടപടികള്‍ക്ക് ശുപാർശ ചെയ്തത്.