മകളോട് ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണത്തെ തുടർന്ന് പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസില്‍ പ്രതിയായിരുന്ന പിതാവിനെ പത്തനംതിട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി (പോക്സോ കോടതി) കുറ്റവിമുക്തനാക്കി.കുടുംബസ്വത്തും മകളുടെ സംരക്ഷണാവകാശവും സംബന്ധിച്ച തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കേസ് രൂപപ്പെട്ടതെന്ന് വിചാരണയ്ക്കിടെ പ്രതിഭാഗം കോടതിയെ ബോധിപ്പിച്ചു. 2019-ല്‍ പ്രതിയുടെ ഭാര്യ വിവാഹമോചനത്തിനും താമസവീട് തന്റേതാണെന്ന് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ട് തിരുവല്ല കുടുംബക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സ്വത്തിന്റെ വിലയാധാരത്തില്‍ ഭാര്യയുടെ പേരുണ്ടെങ്കിലും വീടിന്റെ പൂർണ ഉടമസ്ഥാവകാശം ഭർത്താവിനാണെന്ന് കോടതി കണ്ടെത്തി.തുടർന്ന് മകളുടെ സംരക്ഷണാവകാശം ലഭിക്കുന്നതിനായി പിതാവ് കുടുംബക്കോടതിയില്‍ ഹർജി സമർപ്പിച്ചു. ഇതിനെ പ്രതിരോധിക്കാനായി അമ്മയുടെ പ്രേരണയിലാണ് മകളെക്കൊണ്ട് പോക്സോ കേസ് നല്‍കിച്ചതെന്നാണ് പ്രതിഭാഗത്തിന്റെ വാദം.കേസിലെ തെളിവുകളും സാക്ഷിമൊഴികളും പരിശോധിച്ച കോടതി, ആരോപണങ്ങള്‍ സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിയെ കോടതി വെറുതേവിട്ടത്.പ്രതിക്കായി അഡ്വ. ഡി. ഹരീന്ദ്രൻ നായർ കോടതിയില്‍ ഹാജരായി.
മകളെ ഭര്‍ത്താവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ പരാതി; പിതാവിനെ വെറുതേവിട്ട് കോടതി
