ദേവികുളം റേഞ്ചിലെ ഗൂഡൻപാറ എസ്റ്റേറ്റില്‍ നടന്ന വൻ മരംകൊള്ളയില്‍ മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തു.പാലാ സ്വദേശികളായ നാലുപേരുടെ കൈവശമുള്ള 450 ഏക്കർ ഏലത്തോട്ടത്തില്‍ നിന്നും നിയമവിരുദ്ധമായി തമിഴ്നാട് സ്വദേശികള്‍ക്ക് 300 ഏക്കർ ഭൂമി പാട്ടത്തിന് നല്‍കിയതിലൂടെ വ്യവസ്ഥാ ലംഘനമാണ് നടന്നിരിക്കുന്നത്. ഒന്നേകാല്‍ കോടി രൂപയുടെ ഈ പാട്ടക്കരാർ വെറും 500 രൂപയുടെ മുദ്രപത്രത്തില്‍ എഴുതി വലിയ രീതിയിലുള്ള സ്റ്റാമ്പ് ഡ്യൂട്ടി വെട്ടിപ്പും നടത്തിയിട്ടുണ്ടെന്ന് വനംവകുപ്പിന്റെ റിപ്പോർട്ടില്‍ വ്യക്തമാക്കുന്നു. ഏലപ്പട്ടയ ഭൂമിയിലെ മരങ്ങള്‍ മുറിക്കാൻ നിയമപരമായി അനുമതിയില്ലാതിരുന്നിട്ടും വൻതോതിലുള്ള മരം കൊള്ളയാണ് നടന്നത്.കഴിഞ്ഞ ഒന്നര വർഷത്തിനിടെ ഇരുനൂറോളം മരങ്ങളാണ് ഈ പ്രദേശത്തുനിന്ന് അനധികൃതമായി മുറിച്ചുമാറ്റിയത്. മൂന്ന് തവണകളായി നടന്ന ഈ കൊള്ളയില്‍, ഈ വർഷം മാത്രം 35 മരങ്ങള്‍ മുറിക്കുകയും 75 മരങ്ങളുടെ വേരുകള്‍ നശിപ്പിക്കുകയും ചെയ്തു, കൂടാതെ സ്വാഭാവിക നീരോഴുക്ക് തടസ്സപ്പെടുത്തിക്കൊണ്ട് ഇവിടെയൊരു കുളവും നിർമിച്ചിട്ടുണ്ട്. സംഭവത്തില്‍ വനംവകുപ്പ് ദേവികുളം സബ് കളക്ടർക്ക് അന്വേഷണ റിപ്പോർട്ട് സമർപ്പിക്കുകയും, നിയമലംഘനം നടത്തി നിലവില്‍ ഒളിവില്‍ കഴിയുന്ന തമിഴ്നാട് സ്വദേശികളായ പ്രതികള്‍ക്കായി തിരച്ചില്‍ ഊർജിതമാക്കുകയും ചെയ്തിട്ടുണ്ട്.
ഇടുക്കി ഗൂഡൻപാറ മരംകൊള്ള: കോടികളുടെ പാട്ടക്കരാര്‍ 500 രൂപയുടെ മുദ്രപത്രത്തില്‍, ഹൈക്കോടതി സ്വമേധയാ കേസെടുത്തു
