ജയില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച്‌ കൊടി സുനിയുടെ ഫോണ്‍ വിളി; അന്വേഷണത്തിന് ഉത്തരവിട്ട് ജയില്‍ സൂപ്രണ്ട്

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതി കൊടി സുനി തവനൂർ സെൻട്രല്‍ ജയിലില്‍ ഉദ്യോഗസ്ഥരെ കബളിപ്പിച്ച്‌ ഫോണ്‍ വിളിച്ചെന്ന് കണ്ടെത്തി.സഹ തടവുകാരന്റെ ഫോണ്‍ കാർഡ് ഉപയോഗിച്ചാണ് കൊടി സുനി ഫോണ്‍ വിളിച്ചത്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിന് തവനൂർ ജയില്‍ സൂപ്രണ്ട് ഉത്തരവിട്ടു. അന്വേഷണ റിപ്പോർട്ട് പരിശോധിച്ച്‌ നടപടി സ്വീകരിക്കുമെന്ന് ജയില്‍ സൂപ്രണ്ട് അറിയിച്ചു. അതേസമയം, കൂടുതല്‍ സുരക്ഷയുള്ള മറ്റൊരു സെല്ലിലേക്ക് കൊടി സുനിയെ മാറ്റിയതായും സൂചന.നേരത്തെ ജയില്‍ ജോയിൻ്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്ന പരാതിയില്‍ ടിപി കേസ് പ്രതി കൊടി സുനിക്കെതിരെ കുറ്റിപ്പുറം പൊലീസ് കേസെടുത്തു. തവനൂർ ജയിലിലെ ജോയിൻ്റ് സൂപ്രണ്ടിൻ്റെ പരാതിയിലാണ് കേസെടുത്തത്. കയ്യില്‍ കെട്ടിയ ചരട് അഴിച്ചു മാറ്റണമെന്ന് കഴിഞ്ഞ മാസം 11 ന് ജയില്‍ ഉദ്യോഗസ്ഥർ കൊടി സുനിയോട് പറഞ്ഞിരുന്നു. അനുസരിക്കാൻ തയ്യാറാവാത്തതിനാല്‍ കർശന നിർദേശം നല്‍കി. ഇതോടെ ചരട് ഊരി ജയില്‍ പ്രിസണ്‍ ഓഫീസറുടെ ദേഹത്തേക്ക് എറിഞ്ഞു. കഴിഞ്ഞ ദിവസം വീണ്ടും കയ്യില്‍ ചരട് കെട്ടി. ഇതൊഴിവാക്കാൻ നിർദേശിച്ചപ്പോള്‍ ജയില്‍ ജോയിൻ്റ് സൂപ്രണ്ടിനെ ഭീഷണിപ്പെടുത്തിയെന്നാണ് പരാതി. കയ്യില്‍ ചരടു കെട്ടുന്നത് വിലക്കിയതിൻ്റെ പേരില്‍ വ്യാജ പരാതി നല്‍കുമെന്നും കുടുംബത്തെയടക്കം കൊല്ലുമെന്നും കൊടി സുനി ഭീഷണിപ്പെടുത്തിയെന്നാണ് പരാതി.

Leave a Reply

Your email address will not be published. Required fields are marked *