ബംഗളൂരു സ്‌ഫോടനക്കേസ്: പുതിയ കോടതിയിലെത്തിയാലും വിചാരണ നീളാന്‍ സാധ്യത

ബംഗളൂരു സ്ഫോടനക്കേസ് വിചാരണ പുതിയ കോടതിയിലെത്തിയാലും നീളാന്‍ സാധ്യത. പുതിയ ജഡ്ജി കെ.ഭാഗ്യ, ആറ് മാസം കഴിഞ്ഞ് സ്ഥാനക്കയറ്റം ലഭിച്ച്‌ പോകേണ്ടവരാണെന്നാണ് വിവരം.ആറ് മാസത്തിനകം അന്തിമവാദം പൂർത്തിയാക്കി വിധി വന്നില്ലെങ്കില്‍ വീണ്ടും കേസ് പുതിയ ജഡ്ജിക്ക് മുന്നിലെത്തും.കേസില്‍ വിധി പറയുന്നത് അനന്തമായി നീളുമെന്ന ആശങ്കയുണ്ടെന്ന് വിചാരണത്തടവുകാരുടെ അഭിഭാഷകന്‍ റഹ്മാന്‍ ഇരിക്കൂർ മീഡിയവണിനോട് പറഞ്ഞു. നിലവില്‍ അന്തിമവാദം പൂർത്തിയായ ഘട്ടത്തിലാണ് മാറ്റം സംഭവിച്ചിരിക്കുന്നത്. പുതിയ കോടതിയില്‍ കേസ് എത്തുമ്പോള്‍ അന്തിമവാദം വീണ്ടും ആദ്യം മുതല്‍ കേള്‍ക്കേണ്ടി വരുമെന്നും അദ്ദേഹം വ്യക്തമാക്കി.ബംഗളൂരു അഡി. സിറ്റി സിവില്‍ സെഷന്‍ കോടതി 43ാം കോടതിയില്‍ കോടതിയില്‍ നിന്ന് 93ലേക്കാണ് ബംഗളൂരു സ്‌ഫോടനക്കേസിൻ്റെ വിചാരണ മാറ്റിയത്. നേരത്തെ സംസ്ഥാന പൊലീസ് അന്വേഷിച്ച എൻഐഎ കേസുകള്‍ പ്രത്യേക കോടതിയിലേക്ക് മാറ്റുന്നതിന്‍റെ ഭാഗമായാണ് നടപടി. ഏഴ് മാസമെടുത്ത് അന്തിമവാദം പൂർത്തിയാക്കി വിധി പറായാനായി കാത്തിരിക്കെയാണ് കോടതിമാറ്റം.2008 മുതല്‍ ആരംഭിച്ച വിചാരണയാണ് ഇപ്പോള്‍ 17 വർഷം പിന്നിട്ടിരിക്കുന്നത്. കുറ്റക്കാരാണോ അല്ലയോ എന്ന് പോലും തീരുമാനമാകാതെ ഭൂരിഭാഗം പേരും വിചാരണ തടവുകാരായി ജയിലില്‍ കഴിയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *