ബംഗളൂരു സ്‌ഫോടനക്കേസ്: കോടതി മാറ്റത്തിനെതിരെ സക്കരിയയുടെ കുടുംബം

കോഴിക്കോട്: ബംഗളൂരു സ്‌ഫോടനക്കേസിൽ വിചാരണ പൂർത്തിയായ ശേഷം കോടതി മാറ്റിയതിനെതിരെ സക്കരിയയുടെ കുടുംബം. വിചാരണ പൂർത്തിയായിട്ട് കോടതി മാറ്റുന്നത് നീതി നിഷേധമാണെന്ന് ആക്ഷൻ കൗൺസിലും പ്രതികരിച്ചു. രാഷ്ട്രീയ ഭേദമന്യേ എല്ലാ സംഘടനകളും ഇതിനെതിരെ രംഗത്തുവരണമെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ ആവശ്യപ്പെട്ടു. 2009ൽ അറസ്റ്റിലായ മലപ്പുറം പരപ്പനങ്ങാടി സ്വദേശിയായ സക്കരിയ കഴിഞ്ഞ 17 വർഷമായി വിചാരണ തടവുകാരനായി ജയിലിൽ കഴിയുകയാണ്.യുഎപിഎ പോലുള്ള കരിനിയമങ്ങൾ നമ്മുടെ രാജ്യത്തിന്റെ സംസ്‌കാരത്തിന് തന്നെ നിരക്കാത്തതാണ്. സക്കരിയ നിരപരാധി ആയതുകൊണ്ടാണ് വിചാരണ നീട്ടിക്കൊണ്ടുപോവുന്നതെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ പറഞ്ഞു. മകനെ കാണാനാവുമെന്നാണ് പ്രതീക്ഷയെന്ന് സക്കരിയയുടെ ഉമ്മ ബിയ്യുമ്മ മീഡിയവണിനോട് പറഞ്ഞു. സക്കരിയയെ കാണാൻ നല്ല ആഗ്രഹമുണ്ട്. അവൻ എത്രയും പെട്ടെന്ന് വരണമെന്നാണ് ആഗ്രഹം. അത് സാധിക്കുമെന്നാണ് കരുതുന്നതെന്നും ബിയ്യുമ്മ പറഞ്ഞു.ബംഗളൂരു സ്‌ഫോടനക്കേസിൽ അന്തിമവാദവും പൂർത്തിയായ ശേഷമാണ് കോടതി മാറ്റിയത്. ബംഗളൂരു അഡീഷണൽ സിറ്റി സിവിൽ സെഷൻ കോടതി 43ൽ നിന്ന് 93 ലേക്കാണ് മാറ്റിയത്. ഏഴ് മാസമെടുത്ത് അന്തിമവാദം പൂർത്തിയാക്കി വിധി പറയാനായി കാത്തിരിക്കെയാണ് കോടതിമാറ്റം. ജൂലൈ 14നുള്ളിൽ കേസിൽ വിധി പറയണമെന്ന് സുപ്രിംകോടതി ഉത്തരവിട്ടിരുന്നു. ഇത് മറികടന്ന് വിധി വൈകിപ്പിക്കാനുള്ള ആസൂത്രിത നീക്കമാണ് പെട്ടെന്നുള്ള കോടതിമാറ്റമെന്നാണ് ആക്ഷൻ കൗൺസിൽ ആരോപിക്കുന്നത്.രോഗിയായ ഉമ്മയെ പരിചരിക്കാൻ താൽക്കാലിക ജാമ്യം അനുവദിക്കണമെന്ന സക്കരിയയുടെ അപേക്ഷ ജൂൺ രണ്ടിന് കോടതി തള്ളിയിരുന്നു. ശുചിമുറിയിൽ തെന്നിവീണ് ഇടുപ്പെല്ലിന് ഗുരുതരമായി പരിക്കേൽക്കുകയും അടിയന്തര ശസ്ത്രക്രിയക്ക് വിധയയാവുകയും ചെയ്ത ഉമ്മയുടെ പരിചരണത്തിനായി 15 ദിവസത്തേക്കാണ് സക്കരിയ ജാമ്യം തേടിയിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *