കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസ്; അര്‍ജുൻ ആയങ്കിയുടെ മുൻകൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി

കോതമംഗലം എസ്‌എച്ച്‌ഒയെ ഭീഷണിപ്പെടുത്തിയ കേസില്‍ അർജുൻ ആയങ്കിയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി.സമൂഹമാധ്യമത്തിലൂടെയാണ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തി അർജുൻ പോസ്റ്റിട്ടത്.കോതമംഗലത്ത് വെച്ച്‌ നടന്ന സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ആയങ്കിയും സുഹൃത്തുക്കളും. എന്നാല്‍, ഓപ്പറേഷൻ സ്റ്റീല്‍ ബേഡിന്‍റെ ഭാഗമായി, സുരക്ഷാ നടപടികള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അർജുനെയും സുഹൃത്തുക്കളെയും പൊലീസ് പിടികൂടിയത്. ആ സംഭവം തന്നെയും സുഹൃത്തുക്കളെയും പ്രയാസപ്പെടുത്തിയെന്നും വലിയ നഷ്ടങ്ങള്‍ക്കിടയാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് ആയങ്കി ഭീഷണിക്കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന കോതമംഗലം എസ്‌എച്ച്‌ഒയെ വകവരുത്തുമെന്നും വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ലെന്നുമുള്ള തരത്തിലായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്. ഇതേതുടർന്ന്, എസ്‌എച്ച്‌ഒ നല്‍കിയ പരാതിയിലാണ് പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്.കേസില്‍ കോതമംഗലം പൊലീസ് മജിസ്ട്രേറ്റ് കോടതിയില്‍ റിപ്പോർട്ട് സമർപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ, അർജുൻ നല്‍കിയ മുൻകൂർ ജാമ്യാപേക്ഷയാണ് എറണാകുളം സെഷൻസ് കോടതി തള്ളിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *