‘ചീഫ് ജസ്റ്റിസും കേന്ദ്രമന്ത്രിമാരും ലണ്ടനില്‍ ബാറ്റ്മിന്റണ്‍ കളിക്കുന്ന ചിത്രം’; വ്യാജ പ്രചാരണത്തില്‍ നടപടിയെടുക്കാന്‍ ഹൈക്കോടതി നിര്‍ദേശം

യുകെയില്‍ നടന്ന ബാറ്റ്മിന്റണ്‍ പരിപാടിയില്‍ ചീഫ് ജസ്റ്റിസ് സൂര്യകാന്തും കേന്ദ്രമന്ത്രിമാരും ഒരുമിച്ച്‌ പങ്കെടുത്തുവെന്ന തരത്തില്‍ പ്രചരിക്കുന്ന ചിത്രം വ്യാജം.സര്‍ക്കാര്‍ ചെലവില്‍ സുപ്രീം കോടതി ജഡ്ജിമാരും കേന്ദ്രമന്ത്രിമാരും ലണ്ടനിലെ പരിപാടിയില്‍ പങ്കെടുത്തുവെന്നായിരുന്നു പ്രചാരണം.ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് വിക്രം നാഥ്, കേന്ദ്ര നിയമമന്ത്രി അജുന്‍ റാം മേഘ്‌വാള്‍, പാര്‍ലമെന്ററി കാര്യമന്ത്രി കിരണ്‍ റിജുജു എന്നിവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് വ്യാജ പ്രചാരണം നടക്കുന്നത്.ഇത്തരം പ്രചാരണങ്ങളില്‍ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരിന് അധികാരമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഐടി നിയമപ്രകാരം നടപടിയെടുക്കേണ്ടത് ആത്യന്തികമായി കേന്ദ്രസര്‍ക്കാരാണെന്നും കോടതി വ്യക്തമാക്കി. ബാറ്റ്മിന്റണ്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ നല്‍കിയ ഹരജി പരിഗണിക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിരീക്ഷണം.ഫേസ്ബുക്ക്, എക്‌സ്, യൂട്യൂബ് അടക്കമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ഈ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്നും കേന്ദ്രത്തിന് കോടതി നിര്‍ദേശം നല്‍കി. ഹരജിയില്‍ സൂചിപ്പിക്കുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയ പോസ്റ്റുകളും ആദ്യം നിര്‍മിച്ചവരെ കണ്ടെത്തണം. അവരുടെ വിവരങ്ങള്‍ കോടതിയെ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്.ഹരജി കോടതി വിധി പറയാന്‍ മാറ്റിവെച്ചു. സമൂഹ മാധ്യമത്തില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രം വ്യാജമാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു ഹരജി. വ്യാജ പ്രചാരണം നടത്തുന്ന ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കെതിരെ നടപടിയെടുക്കണമെന്നും സോഷ്യല്‍ മീഡിയയിലെ ഉള്ളടക്കങ്ങള്‍ പിന്‍വലിക്കാന്‍ നിര്‍ദേശം നല്‍കണമെന്നുമായിരുന്നു ഹരജിയിലെ ആവശ്യം.എസ്‌സി ജഡ്ജിമാര്‍ക്കും കേന്ദ്രമന്ത്രിക്കുമെതിരായ വ്യാജ പ്രചാരണം ഇപ്പോഴും തുടരുണ്ടെന്നും ബിഎഐ ചൂണ്ടിക്കാട്ടിയിരുന്നു. ജസ്റ്റിസ് തേജസ് കരിയയാണ് ഹരജി പരിഗണിച്ചത്. സോഷ്യല്‍ മീഡിയയിലെ പ്രചാരണം രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് കേന്ദ്രസര്‍ക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു.2025ല്‍ ഡല്‍ഹിയിലെ ത്യാഗരാജ് സ്റ്റേഡിയത്തില്‍ നടന്ന ‘ഓള്‍ ഇന്ത്യ ജഡ്ജസ് ബാറ്റ്മിന്റണ്‍’ ചാമ്പ്യന്‍ഷിനിടെ പകര്‍ത്തിയ ചിത്രങ്ങളും പ്രചാരണത്തിനായി ഉപയോഗിക്കുണ്ടെന്നും തുഷാര്‍ മേത്ത അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *