കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ വ്യവസായ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിന് തിരിച്ചടി. കോടതിയലക്ഷ്യം നേരിടണമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിംഗിൾ ബെഞ്ചിന് മുന്നിൽ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.മുഹമ്മദ് ഹനീഷിനെതിരെ രൂക്ഷ വിമർശനമാണ് കോടതി നടത്തിയത്. വിദേശത്തുനിന്ന് അസംസ്കൃത കശുവണ്ടി ഇറക്കുമതി ചെയ്തതിൽ 500 കോടിയുടെ അഴിമതി സിബിഐ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കശുവണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ആർ.ചന്ദ്രശേഖർ, എംഡി കെ.എ രതീഷ് ഐഎഎസിനെയും വിചാരണ നടത്താൻ അനുമതി നൽകണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.ഈ ഉത്തരവ് നടപ്പാക്കാത്തതിനാണ് മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. അഴിമതി കണ്ടെത്താൻ തനിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് മുഹമ്മദ് ഹനീഷ് ഹൈക്കോടതിയിൽ നൽകിയിരുന്ന വിശദീകരണം. എന്നാൽ സിബിഐ അഴിമതി കണ്ടെത്തിയ ഒരു കേസിൽ എങ്ങനെയാണ് അഴിമതി നടന്നിട്ടില്ല എന്ന് ഒരു ഉദ്യോഗസ്ഥന് പറയാനാവുക എന്ന് ചോദിച്ചാണ് ഹൈക്കോടതി വിമർശനമുയർത്തിയത്.
കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി; മുഹമ്മദ് ഹനീഷ് സിംഗിൾ ബെഞ്ചിന് മുന്നിൽ ഹാജരാകണമെന്ന് ഹൈക്കോടതി
