ഷുഹൈബ് വധക്കേസ്; വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി

മട്ടന്നൂര്‍ ഷുഹൈബ് വധക്കേസില്‍ വിചാരണ സ്റ്റേ ഒരാഴ്ച കൂടി നീട്ടി ഹൈക്കോടതി. കൊല്ലപ്പെട്ട ഷുഹൈബിന്‍റെ പിതാവിനെ കേസില്‍ കക്ഷി ചേർത്തു.ആകാശ് തില്ലങ്കേരിയടക്കമുള്ള പ്രതികള്‍ സമർപ്പിച്ച ഹരജിയിലാണ് കോടതി നടപടി.വിചാരണ നടപടികള്‍ തിങ്കളാഴ്ച വരെയായിരുന്നു സ്റ്റേ ചെയ്തത്. പക്ഷപാതമായി പെരുമാറുന്നു, മുൻവിധിയോടെ സംസാരിക്കുന്നു എന്നുള്‍പ്പെടെ വിചാരണ കോടതിക്കെതിരെ പ്രതികള്‍ ഹരജിയില്‍ ആരോപങ്ങള്‍ ഉന്നയിച്ചിരുന്നു.വിചാരണക്കോടതി മാറ്റണമെന്ന പ്രതിഭാഗം ഹരജി നേരത്തെ അഡീഷണല്‍ സെഷൻസ് കോടതി നേരത്തെ തള്ളിയിരുന്നു. വിചാരണക്കോടതി മാറ്റണമെന്നാവശ്യപ്പെട്ട് ഇതേ കോടതിയില്‍ ആദ്യം ഹരജി നല്‍കിയെങ്കിലും സത്യവാങ്മൂലം നല്‍കാത്തതിനാല്‍ തള്ളുകയായിരുന്നു. സത്യവാങ്മൂലം ഉള്‍പ്പെടുത്തി വീണ്ടും ഹരജി നല്‍കിയെങ്കിലും തള്ളി.കേസിലെ വിചാരണാ നടപടികള്‍ നീട്ടിക്കൊണ്ടുപോകാൻ പ്രതിഭാഗം മനഃപൂർവം ശ്രമിക്കുകയാണെന്ന ആക്ഷേപങ്ങള്‍ക്കിടയിലാണ് കോടതി മാറ്റ ഹരജി സമർപ്പിക്കപ്പെട്ടത്. പ്രതിഭാഗം അഭിഭാഷകൻ സമർപ്പിച്ച ഈ ഹരജി മുൻപ് പരിഗണിച്ച സെഷൻസ് കോടതി, അഡീഷണല്‍ സെഷൻസ് കോടതിയിലെ വിചാരണ നടപടികള്‍ താല്‍ക്കാലികമായി സ്റ്റേ ചെയ്തിരുന്നു. കോടതി മാറ്റത്തിനുള്ള ഹരജി നിലനില്‍ക്കുന്നതിനാല്‍ സാക്ഷി വിസ്താരവുമായി സഹകരിക്കാൻ പ്രതിഭാഗം അഭിഭാഷകർ തയ്യാറായിരുന്നില്ല.സാക്ഷി വിസ്താരം തടസപ്പെടുത്തുന്നതും വിചാരണ നീട്ടിക്കൊണ്ടുപോകുന്നതുമായ പ്രതിഭാഗത്തിന്റെ നീക്കങ്ങളെ വിചാരണ കോടതി കർശനമായിട്ടാണ് നേരിട്ടത്. പ്രതികള്‍ മനഃപൂർവം വിചാരണ വൈകിപ്പിക്കുകയാണെന്ന് നിരീക്ഷിച്ച അഡീഷണല്‍ സെഷൻസ് കോടതി, കേസിലെ 17 പ്രതികളുടെയും ജാമ്യം റദ്ദാക്കി ഉത്തരവിട്ടിരുന്നു. എന്നാല്‍, ഈ ഉത്തരവിനെതിരെ പ്രതികള്‍ ഹൈക്കോടതിയെ സമീപിക്കുകയും ഹൈക്കോടതി വിചാരണ കോടതിയുടെ വിധി സ്റ്റേ ചെയ്ത് പ്രതികള്‍ക്ക് വീണ്ടും ജാമ്യം അനുവദിക്കുകയുമാണുണ്ടായത്.തലശ്ശേരി മൂന്നാം അഡീഷനല്‍ ജില്ലാ സെഷൻസ് കോടതിയിലാണ് വിചാരണ നടക്കുന്നത്. മെയ് 18 മുതല്‍ തുടർച്ചയായി ഷുഹൈബ് വധക്കേസ് വിചാരണ നടക്കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *