ഭര്‍ത്താവിന്റെ വരുമാനത്തിന്റെ 25 % വരെ ഭാര്യയ്ക്ക് ജീവനാംശത്തിന് അര്‍ഹതയുണ്ട്: ഹൈക്കോടതി

ലഖ്‌നൗ: ഉപജീവനത്തിന് മാര്‍ഗമില്ലാത്ത ഭാര്യയ്ക്ക് തന്റെ വരുമാനത്തിന്റെ 25 ശതമാനം വരെ ജീവനാംശമായി നല്‍കാന്‍ ഭര്‍ത്താവിന് ബാധ്യതയുണ്ടെന്ന് അലഹബാദ് ഹൈക്കോടതി. കുടുംബ കോടതി വിധിച്ച പ്രതിമാസ ജീവനാംശം കുറയ്ക്കണമെന്നാവശ്യപ്പെട്ട് ഭര്‍ത്താവ് സമര്‍പ്പിച്ച ഹരജി തള്ളി ജസ്റ്റിസ് മദന്‍ പാല്‍ സിങ്ങിന്റെ സിംഗിള്‍ ബെഞ്ചിന്റെതാണ് സുപ്രധാന ഉത്തരവ്. സ്വയം സംരക്ഷിക്കാന്‍ ശേഷിയില്ലാത്ത ഭാര്യയുടെ ആവശ്യങ്ങള്‍ നിറവേറ്റുക എന്നത് ഭര്‍ത്താവിന്റെ പവിത്രവും നിയമപരവുമായ കടമയാണെന്ന് ഹരജിക്കാരനായ ഷാജഹാന്‍പൂര്‍ സ്വദേശി സുരേഷ് ചന്ദ്രനെ കോടതി ഓര്‍മ്മിപ്പിച്ചു.2003ല്‍ ഭാര്യയ്ക്ക് പ്രതിമാസം 500 രൂപ ജീവനാംശം നല്‍കാന്‍ കുടുംബ കോടതി ഉത്തരവിട്ടിരുന്നു. ജീവിതച്ചെലവ് കണക്കിലെടുത്ത് ഈ തുക വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് 2015ല്‍ ഭാര്യ കോടതിയെ സമീപിച്ചു. ഇതിനെത്തുടര്‍ന്ന് 2024 ജൂലൈയില്‍ കുടുംബ കോടതി ജീവനാംശം 3,000 രൂപയാക്കി. ഈ ഉത്തരവവാണ് സുരേഷ് ചന്ദ്ര ചോദ്യംചെയ്തത്.താാന്‍ സാധാരണ തൊഴിലാളിയാണെന്നും തുച്ഛമായ വരുമാനം മാത്രമേ ഉള്ളൂ എന്നുമായിരുന്നു ഭര്‍ത്താവിന്റെ വാദം. എന്നാല്‍ ഹരജി തള്ളിയ കോടതി, ഭര്‍ത്താവിന് ശാരീരിക വൈകല്യങ്ങളൊന്നുമില്ലെന്നും ആരോഗ്യവാനായ ഒരു വ്യക്തിക്ക് തന്റെ ഭാര്യയെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ കഴിയില്ലെന്നും വ്യക്തമാക്കി. ഹരജിക്കാരന്‍ ഒരു തൊഴിലാളിയാണെങ്കില്‍ പോലും പ്രതിദിനം കുറഞ്ഞത് 600 രൂപ (പ്രതിമാസം 18,000 രൂപ) സമ്പാദിക്കാന്‍ ശേഷിയുള്ള ആളാണെന്ന് കോടതി വിലയിരുത്തി. സുപ്രിംകോടതിയുടെ മുന്‍ ഉത്തരവുകള്‍ പ്രകാരം വരുമാനത്തിന്റെ 25 ശതമാനം വരെ ജീവനാംശമായി നല്‍കാവുന്നതാണ്. നിലവിലെ സാഹചര്യത്തില്‍ 3,000 രൂപ എന്നത് വലിയ തുകയല്ലെന്നും ജസ്റ്റിസ് മദന്‍ പാല്‍ സിങ് നിരീക്ഷിച്ചു. ഭാര്യയ്ക്ക് മറ്റ് വരുമാന മാര്‍ഗങ്ങളൊന്നുമില്ലാത്ത സ്ഥിതിക്ക്, ഭര്‍ത്താവ് ഈ തുക നല്‍കണമെന്നും കോടതി ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *