ഒരാള്‍ ആത്മഹത്യ ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചാല്‍ മാത്രം നിലനില്‍ക്കുന്ന കുറ്റമാണ് ആത്മഹത്യ പ്രേരണ കുറ്റം. ഐ.പി.സിയുടെ 306 ആം വകുപ്പ് ബി.എന്‍.എസിന്റെ 108ാം വകുപ്പ് ആയി മാറുമ്പോഴും പ്രേരണ എന്ന വാക്കിന്റെ വിശാല അര്‍ത്ഥത്തില്‍ പ്രതി ആത്മഹത്യ ചെയ്ത വ്യക്തിക്ക് അപ്രകാരം ചെയ്യുന്നതിലേക്ക് വാക്കു കൊണ്ടോ പ്രവൃത്തി കൊണ്ടോ എന്തെങ്കിലും ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കേണ്ടി വരും. പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ഗൗരവമേറിയ കുറ്റങ്ങളുടെ ഗണത്തില്‍ ഉള്‍പ്പെടുന്ന ഇവയുടെ വിചാരണ സെഷന്‍സ് കോടതികളിലാണ്. ആത്മഹത്യ പ്രേരണ കേസുകളിൽ മരണമൊഴി ഒരു നിർണായക ഘടകമാണ്. എന്നാൽ, മരണ മൊഴി ലഭ്യമല്ലാത്ത കേസുകളില്‍ പ്രശ്‌നം സങ്കീര്‍ണമാകുന്നു. ആത്മഹത്യ കുറിപ്പോ മറ്റോ കണ്ടെത്തിയിട്ടില്ല എന്നാണ് പോലീസ് ഭാഷ്യമെങ്കില്‍ അത് പ്രതിക്ക് സംശയത്തിന്റെ ആനുകുല്യം നല്‍കുന്നു. ആത്മഹത്യ ചെയ്യാന്‍ പോകുന്നു എന്ന് മരണപ്പെട്ട ആള്‍ ആരോടും പറഞ്ഞിട്ടോ ആര്‍ക്കും സന്ദേശം നല്‍കിയിട്ടോ ഇല്ല എന്നാണ് എങ്കില്‍ സാക്ഷ്യ അധിനിയമത്തിലെ മരണമൊഴിയെ പറ്റി പ്രതിപാദിക്കുന്ന വകുപ്പ് 26ാം ഉപവകുപ്പ് പ്രയോഗിക്കാന്‍ ഇതോടെ കഴിയുന്നില്ല. ആത്മഹത്യ ചെയ്യാന്‍ വ്യക്തിക്ക് മറ്റ് കാരണങ്ങള്‍ ഉണ്ടായിരുന്നു എന്നു വരെ പ്രതിഭാഗത്തിന് വാദത്തിന് വേണ്ടി പറയാം. ഈ സാഹചര്യത്തില്‍ പ്രതിക്കെതിരെ ആരോപണം കടുപ്പിക്കാന്‍ പ്രോസിക്യൂഷന് പരിമിതികള്‍ ഉണ്ട്. അഭിമാനത്തിന് ക്ഷതം ഏറ്റതാണ് ആത്മഹത്യയ്ക്ക് കാരണമെങ്കില്‍ ആയത് ജാമ്യ വേളയില്‍ തെളിയിക്കേണ്ട ഒന്നല്ല. ആദ്യം ജാമ്യം നല്‍കിയ ശേഷം പിന്നീട് കേസ് അന്വേഷണം പൂര്‍ത്തിയാക്കി വിചാരണ ഘട്ടത്തിലേ ഇത്തരം ചര്‍ച്ചകള്‍ക്ക് പ്രസക്തി ഉള്ളു. ഓരോ കേസിലും ശിക്ഷിക്കും മുന്‍പ് സാഹചര്യങ്ങളും വസ്തുതകളും പ്രത്യേകമായി പരിശോധിക്കണം. പ്രതിയുടെ പ്രവര്‍ത്തി മറ്റൊരു സാധ്യതയും ബാക്കി വയ്ക്കാത്ത രീതിയില്‍ ഒരാളെ അത്മഹത്യയിലേക്ക് തള്ളി വിടുന്നതാകണം. വൃക്തമായും മനസ്സില്‍ ഈ ലക്ഷ്യം വച്ച് പ്രവര്‍ത്തിച്ച പ്രതിയെ മാത്രമേ കുറ്റക്കാരനെന്ന് കണ്ട് ശിക്ഷിക്കാവു.മിക്കവാറും കേസുകളില്‍ ആത്മഹത്യ പ്രേരണ എന്നതിന് ദൃക്‌സാക്ഷികളെക്കാള്‍ സാഹചര്യ തെളിവുകള്‍ ആണ് ഉണ്ടാവുക. അപ്പോള്‍ ജാമ്യം കിട്ടിയാല്‍ പ്രതി സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കും എന്ന വാദത്തിന്റെ മുന ഒടിയും. ആത്മഹത്യ നടത്തിയ ഇടത്തില്‍ പ്രതി ഉണ്ടായിരുന്നോ എന്നതും പരിഗണിക്കാം. മിക്കവാറും തൊണ്ടി മുതലോ മറ്റോ കണ്ടെടുക്കാനുണ്ടാകില്ല എന്നതിനാല്‍ പോലീസ് കസറ്റഡി ഒരു അത്യാവശ്യമല്ല. അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ റിമാന്റ് അല്ലെങ്കില്‍ ജയിലില്‍ അടയ്ക്കല്‍ അതുകൊണ്ട് തന്നെ ആവശ്യത്തില്‍ അത്യാവശ്യം അല്ല. മുന്‍കൂര്‍ ജാമ്യം ഇതോടെ പലപ്പോഴും പ്രതിയുടെ അവകാശമാകുന്നു. വിചാരണ കോടതിയും ഹൈക്കോടതിയും തള്ളിയാലും പ്രതിക്ക് മുന്‍കൂര്‍ ജാമ്യാപേക്ഷയ്ക്ക് പ്രത്യേക അനുമതി ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിക്കാന്‍ കഴിയും.
എന്താണ് ആത്മഹത്യ പ്രേരണ കുറ്റം, നിയമം എങ്ങനെ ഇതിനെ കാണുന്നു….?
