വാളയാർ ആൾക്കൂട്ടക്കൊല; എട്ടു പ്രതികൾക്ക് ജാമ്യം, പാലക്കാട് ജില്ല വിടരുതെന്ന് കോടതി

പാലക്കാട്: വാളയാറിൽ അതിഥിത്തൊഴിലാളി ആൾക്കൂട്ട മർദനത്തിനിരയായി കൊല്ലപ്പെട്ട കേസിൽ റിമാൻഡിലായിരുന്ന എട്ടു പ്രതികൾക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. മണ്ണാർക്കാട് എസ്.സി-എസ്.ടി ജില്ലാ പ്രത്യേക കോടതി ജഡ്ജി ജോമോൻ ജോൺ ആണ് ജാമ്യം നൽകിയത്. ആറാം പ്രതിയായ വിനോദ് കുമാറിന്റെ ജാമ്യഹർജി വൈകി സമർപ്പിച്ചതിനാൽ കോടതി പിന്നീട് പരിഗണിക്കും. അനു (38), പ്രസാദ് (34), മുരളി (38), അനന്തൻ (55), വിപിൻ (30), ജഗദീഷ് കുമാർ (44), ഷാജി (38), എം. രാജേഷ് (31) എന്നിവർക്കാണ് ജാമ്യം ലഭിച്ചത്. ഇവർ മലമ്പുഴ ജില്ലാ ജയിലിൽ നിന്നും പുറത്തിറങ്ങി. അറസ്റ്റിലായശേഷം രണ്ടുതവണ പ്രതികളുടെ റിമാൻഡ് നീട്ടിയിരുന്നു. തുടർന്നാണ് ജാമ്യം അനുവദിച്ചത്.പ്രതികൾ പാലക്കാട് ജില്ല വിട്ടുപോകരുതെന്ന് ജാമ്യവ്യവസ്ഥയിൽ നിർദേശിച്ചിട്ടുണ്ട്. പാസ്പോർട്ട് സമർപ്പിക്കണം, 50,000 രൂപയുടെ രണ്ട് ബോണ്ടുകൾ ഹാജരാക്കണം തുടങ്ങിയ വ്യവസ്ഥകളും ഉൾ‌പ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഡിസംബർ 17-നാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാംനാരായൺ ഭാഗേൽ (31) വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ടത്. മോഷണക്കുറ്റം ആരോപിച്ചായിരുന്നു ക്രൂരമായ മർദനം. പുതിയ നിയമമായ ഭാരതീയ ന്യായസംഹിത പ്രകാരം ആൾക്കൂട്ട കൊലപാതകത്തിനുള്ള 103(2) വകുപ്പും പട്ടികജാതി-പട്ടികവർഗ പീഡനനിരോധന നിയമവുമാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഭവത്തിന്റെ മൊബൈൽ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *