വി.എം.വിനുവിന്റെ ഹര്‍ജി തള്ളി ഹൈക്കോടതി

കോഴിക്കോട് കോർപ്പറേഷനിലെ യുഡിഎഫ് മേയർ സ്ഥാനാർത്ഥിയും പ്രശസ്ത സിനിമാ സംവിധായകനുമായ വി.എം. വിനുവിന് തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ കഴിയില്ല.വോട്ടർപട്ടികയില്‍ പേരില്ലാത്തതിനെ ചോദ്യം ചെയ്ത് വിനു സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. സെലിബ്രിറ്റിയെന്ന നിലയില്‍ യാതൊരു പ്രത്യേക പരിഗണനയും നല്‍കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണൻ അധ്യക്ഷനായ ബെഞ്ച് ഹർജി തള്ളിയത്. ഇതോടെ, കല്ലായി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ട വി.എം. വിനുവിന്റെ മത്സരം അനിശ്ചിതത്വത്തിലായി.വി.എം. വിനുവിനും സാധാരണ പൗരനും ഒരേ നിയമമാണ് ബാധകമെന്ന് കോടതി ഊന്നിപ്പറഞ്ഞു. സെലിബ്രിറ്റിയായതുകൊണ്ട് പ്രത്യേക പരിഗണനയില്ല. കരട് വോട്ടർപട്ടികയില്‍ പേരുണ്ടായിരുന്ന വൈഷ്ണ സുരേഷിന്റെ തിരുവനന്തപുരം കോർപ്പറേഷനിലെ കേസില്‍നിന്നും വിനുവിന്റെ കേസ് വ്യത്യസ്തമാണ്. ഈ വിഷയത്തില്‍, 2020-ലെ വോട്ടർപട്ടികയിലും വിനുവിന്റെ പേരില്ലായിരുന്നു. അതിനാല്‍ കോടതിക്ക് ഇടപെടാൻ കഴിയില്ല.സെലിബ്രിറ്റികള്‍ നാട്ടിലെ കാര്യങ്ങള്‍ ശ്രദ്ധിക്കാറില്ലേയെന്നും പത്രം വായിക്കാറില്ലേയെന്നും കോടതി വിനുവിനോട് ചോദിച്ചു. താൻ മേയർ സ്ഥാനാർത്ഥിയായതുകൊണ്ടും, താൻ വിജയിക്കുമെന്ന് കണ്ടതുകൊണ്ടും ഭരിക്കുന്ന പാർട്ടി തന്റെ പേര് വെട്ടിക്കളഞ്ഞതാണെന്ന് വി.എം. വിനു കോടതിയില്‍ വാദിച്ചു. എന്നാല്‍, വോട്ടർപട്ടികയില്‍ പേരുണ്ടോ ഇല്ലയോ എന്ന് പരിശോധിക്കാതെയാണോ തിരഞ്ഞെടുപ്പില്‍ മത്സരിക്കാൻ ഒരുങ്ങുന്നതെന്നും, ഇതൊക്കെ ശ്രദ്ധിക്കേണ്ട വിഷയമല്ലേയെന്നും കോടതി തിരിച്ച്‌ ചോദ്യം ഉന്നയിച്ചു.കോഴിക്കോട് കോർപ്പറേഷനിലെ കല്ലായി ഡിവിഷനില്‍ യുഡിഎഫ് സ്ഥാനാർത്ഥിയായി പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെയാണ് വി.എം. വിനുവിന്റെ പേര് വോട്ടർപട്ടികയില്‍ ഇല്ലെന്ന് കണ്ടെത്തിയത്. 2020-ലെ തിരഞ്ഞെടുപ്പില്‍ മലാപ്പറമ്ബ് ഡിവിഷനില്‍ താൻ വോട്ട് ചെയ്തിട്ടുണ്ട് എന്നായിരുന്നു വിനുവിന്റെ വാദം. എന്നാല്‍, രേഖകള്‍ പരിശോധിച്ച്‌ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ഈ വാദം പൂർണ്ണമായും തള്ളിക്കളഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *