കൊച്ചി: ഷാര്‍ജയില്‍ ജീവനൊടുക്കിയ കൊല്ലം സ്വദേശിനി വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും. മൃതദേഹം നാട്ടിലെത്തിക്കാൻ എംബസി നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിർദ്ദേശിച്ചു. വിപഞ്ചിക മണിയൻ്റെ മൃതദേഹം നാട്ടിലെത്തിക്കാനും മകൾ വൈഭവിയുടെ മൃദേഹം ഷാർജയിൽ സംസ്കരിക്കാനും നേരത്തെ ഇന്ത്യൻ എംബസിയിൽ നടന്ന മധ്യസ്ഥ ചർച്ചയിൽ തീരുമാനം ആയിരുന്നു. ഇക്കാര്യം ഇന്ത്യൻ എംബസി ഹൈക്കോടതിയെ അറിയിക്കുകയായിരുന്നു. ഇതോടെ മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കുകയായിരുന്നു. ഷാർജയിൽ ജീവനൊടുക്കിയ വിപഞ്ചികയുടെയും മകള്‍ വൈഭവിയുടേയും മൃതദേഹം നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിപഞ്ചികയുടെ ബന്ധുവാണ് ഹൈക്കോടതിയിൽ ഹർജി നൽകിയത്.
വിപഞ്ചികയുടേയും മകളുടേയും മരണം സംശയാസ്പദമായ സാഹചര്യത്തിലാണെന്നും കൊലപാതകമാണോ എന്ന് സംശയിക്കുന്നതിനാല്‍ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് വിപഞ്ചികയുടെ മാതാവിന്റെ സഹോദരിയാണ് ഹൈക്കോടതില്‍ ഹര്‍ജി നല്‍കിയത്. ഭര്‍ത്താവിന്റെയും എംബസിയുടേയും നിലപാട് അറിയണമെന്ന് നേരത്തെ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. ജസ്റ്റിസ് എന്‍ നഗരേഷിൻ്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
