തെന്നിന്ത്യൻ സൂപ്പർ താരം വിജയ്‌യുമായുള്ള വിവാഹമോചന നടപടികൾ പുരോഗമിക്കവേ താമസിക്കുന്ന വീട്ടിൽ നിന്ന് തന്നെ പുറത്താക്കരുതെന്ന് ആവശ്യപ്പെട്ട് ഭാര്യ സംഗീത സ്വർണലിംഗം കോടതിയിൽ പുതിയ ഇടക്കാല ഹർജി നൽകി. വിവാഹം കഴിഞ്ഞ നാൾ മുതൽ താമസിച്ചുവരുന്ന വീട്ടിൽ തുടരാനുള്ള അവകാശം തനിക്കുണ്ടെന്നും, കേസ് നിലനിൽക്കുന്ന സാഹചര്യത്തിൽ ഈ സൗകര്യം നിഷേധിക്കപ്പെടുമോ എന്ന് താൻ ഭയപ്പെടുന്നതായും സംഗീത ഹർജിയിൽ വ്യക്തമാക്കി. വിജയ്യുടെ ഭാഗത്തു നിന്നുണ്ടായ ക്രൂരമായ പെരുമാറ്റങ്ങളും മറ്റൊരു നടിയുമായുള്ള വിവാഹേതര ബന്ധവുമാണ് വിവാഹമോചനത്തിലേക്ക് നയിച്ചതെന്നാണ് സംഗീതയുടെ ആരോപണം. 1954-ലെ സ്പെഷ്യൽ മാര്യേജ് ആക്ട് പ്രകാരമാണ് ഇവർ കോടതിയെ സമീപിച്ചത്. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ തനിക്ക് വലിയ രീതിയിലുള്ള മാനസിക ക്ലേശങ്ങൾ ഉണ്ടാക്കിയെന്നും സംഗീത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. 2021ൽ ആണ് വിജയ്ക്ക് മറ്റൊരു നടിയുമായി ബന്ധമുണ്ടെന്ന കാര്യം താൻ അറിയുന്നതെന്ന് സംഗീത പറയുന്നു. അന്ന് ഇത് അവസാനിപ്പിക്കുമെന്ന് വിജയ് ഉറപ്പ് നൽകിയിരുന്നുവെങ്കിലും പിന്നീട് വാക്ക് പാലിക്കപ്പെട്ടില്ല. നടിക്കൊപ്പം വിജയ് വിദേശയാത്രകൾ നടത്തിയതും പൊതുചടങ്ങുകളിൽ പങ്കെടുത്തതും തന്നെയും മക്കളെയും വലിയ തോതിൽ അപമാനിക്കുന്നതിന് തുല്യമായിരുന്നുവെന്നും അവർ ആരോപിക്കുന്നു.കഴിഞ്ഞ കുറച്ചു കാലമായി വിജയ് തന്റെ സാമൂഹികവും ഔദ്യോഗികവുമായ ജീവിതത്തിൽ നിന്ന് തന്നെ ബോധപൂർവ്വം അകറ്റി നിർത്തുകയാണെന്ന് സംഗീത പറയുന്നു. സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കും ഇടയിൽ തന്നെ അവഗണിച്ചത് വലിയ മാനസിക വിഷമത്തിന് കാരണമായി. സോഷ്യൽ മീഡിയയിലൂടെ പ്രചരിച്ച വാർത്തകൾ കുടുംബത്തിന്റെ സ്വകാര്യതയെ ബാധിച്ചതായും ഹർജിയിലുണ്ട്.നിലവിൽ ജില്ലാ കോടതിയുടെ പരിഗണനയിലുള്ള ഈ കേസിൽ സംഗീതയുടെ പുതിയ ഹർജി ഏറെ നിർണായകമാണ്. താമസിക്കുന്ന വസതിയിൽ തുടരാൻ അനുമതി നൽകുന്ന ഇടക്കാല ഉത്തരവ് ഉണ്ടാകുമോ എന്നാണ് സിനിമാ ലോകം ഉറ്റുനോക്കുന്നത്. ഈ ആരോപണങ്ങളോട് നടൻ വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. 1999 ഓഗസ്റ്റ് 25-ന് ആയിരുന്നു ലണ്ടൻ സ്വദേശിയായ സംഗീതയും വിജയ്‌യും തമ്മിലുള്ള വിവാഹം. ലണ്ടനിലെ തമിഴ് വ്യവസായിയുടെ മകളായ സംഗീത വിജയ്‌യുടെ കടുത്ത ആരാധകയായിരുന്നു. 25 വർഷം നീണ്ട ദാമ്പത്യത്തിൽ ഇവർക്ക് ജേസൺ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളുണ്ട്. ദീർഘകാലത്തെ ഒരുമിച്ചുള്ള ജീവിതത്തിന് ശേഷമാണ് ഇപ്പോൾ നിയമപോരാട്ടം ആരംഭിച്ചിരിക്കുന്നത്.
താമസിക്കുന്ന വീട്ടിൽ നിന്ന് പുറത്താക്കരുത്; കോടതിയിൽ പുതിയ ഹർജി നൽകി വിജയ്യുടെ ഭാര്യ
