അപകടക്കേസിലെ വാഹനം വിട്ടുനല്‍കാൻ കൈക്കൂലി വാങ്ങി; പോലീസ് സബ് ഇൻസ്‌പെക്ടര്‍ വിജിലൻസ് പിടിയില്‍

Oplus_16908288

അപകടക്കേസിലെ വാഹനം വിട്ടുനല്‍കാൻ കൈക്കൂലി വാങ്ങിയ ഗ്രേഡ് സബ് ഇൻസ്പെക്ടറെ വിജിലൻസ് സംഘം പിടികൂടി. എറണാകുളം മരട് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ഗോപകുമാറിനെയാണ് 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് ചൊവ്വാഴ്ച പിടികൂടിയത്.വൈറ്റില ഹബ്ബിനു സമീപത്ത് കഴിഞ്ഞ മാസം നടന്ന അപകടക്കേസിലെ വാഹനം വിട്ടു നല്‍കുന്നതിനായിരുന്നു കൈക്കൂലി വാങ്ങിയത്.ഓഗസ്റ്റ് 25-നാണ് സംഭവങ്ങളുടെ തുടക്കം. എറണാകുളം പള്ളിക്കര സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ഗ്യാസ് സിലിൻഡറുകള്‍ കയറ്റിയ ലോറി, ഡ്രൈവർക്ക് ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ഇലക്‌ട്രിക് പോസ്റ്റിലും കാറിലും ബൈക്കിലും മതിലിലും ഇടിച്ചിരുന്നു. അപകടത്തെ തുടർന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഡ്രൈവർ കോമയിലാണ്. സംഭവത്തില്‍ മരട് പോലീസ് കേസെടുത്തിരുന്നു.ഗ്രേഡ് സബ് ഇൻസ്പെക്ടറായ ഗോപകുമാർ വാഹന ഉടമയോട് ലോറി വിട്ടുനല്‍കാൻ സ്റ്റേഷനില്‍ എത്തണമെന്ന് ഫോണ്‍ വിളിച്ചുപറഞ്ഞു. ഓഗസ്റ്റ് 27-ന് സ്റ്റേഷനില്‍ എത്തിയപ്പോള്‍ 10,000 രൂപ തന്നാലേ വാഹനം വിട്ടുനല്‍കൂ എന്ന് ഗോപകുമാർ പറഞ്ഞു. ഡ്രൈവർ ആശുപത്രിയിലാണെന്നും സാമ്ബത്തിക ബുദ്ധിമുട്ടിലാണെന്നും ഉടമ പറഞ്ഞെങ്കിലും ഗോപകുമാർ വഴങ്ങിയില്ല. തിങ്കളാഴ്ച വീണ്ടും സ്റ്റേഷനില്‍ എത്തിയപ്പോള്‍ ഏറ്റവും കുറഞ്ഞ തുകയാണ് പറഞ്ഞതെന്നും ഇതില്‍നിന്നു കുറയ്ക്കാനാവില്ലെന്നും ഉടമയോട് പറഞ്ഞു. ചൊവ്വാഴ്ച സ്റ്റേഷനില്‍ വന്ന് 10,000 രൂപ നല്‍കണമെന്നു പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. ഉടമ ഈ വിവരം വിജിലൻസ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ടിനെ അറിയിച്ചു.ഇതേത്തുടർന്ന് ഗോപകുമാറിനെ കുരുക്കാൻ വിജിലൻസ് കെണിയൊരുക്കി നിരീക്ഷണത്തിലാക്കി.

Leave a Reply

Your email address will not be published. Required fields are marked *