പുത്തൂർ:പാടത്ത് വ്യവസായം ഒരുക്കാൻ ലൈസൻസ് നൽകിയതിൽ പുനരന്വേഷണത്തിന് ഉത്തരവിട്ട് വിജിലൻസ് കോടതി. പുത്തൂർ പഞ്ചായത്ത് മുൻ സെക്രട്ടറി, മുൻ പഞ്ചായത്ത് പ്രസിഡന്റ്, സ്ഥാപന ഉടമകൾ തുടങ്ങിയവർക്കെതിരെയുള്ള കേസിൽ തൃശൂർ വിജിലൻസ് നൽകിയ അനുകൂല റിപ്പോർട്ട് തള്ളി. 2011മുതൽ 2013വരെ പുത്തൂർ പഞ്ചായത്ത് സെക്രട്ടറിയായിരുന്ന സി ജി ജയകൃഷ്ണൻ, പഞ്ചായത്ത് പ്രസിഡന്റായിരുന്ന ജോണി ചിറയത്ത്, സെന്റ് ജോസഫ് റോക്സാൻഡ് ഉടമ സിനോ, ആൽഫ സാൻഡ് കമ്പനി ഉടമകളായ അജയൻ, റാഫി, മുൻ പൂത്തൂർ കൃഷി ഓഫീസറായിരുന്ന അർച്ചന, പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻജിനിയർ തങ്കപ്പൻ എന്നിവർക്കെതിരെയാണ് കേസ്. ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റായ വി വി മുരളീധരൻ കോടതിയിൽ നൽകിയ പരാതിയെത്തുടർന്നാണ് ഉത്തരവ്. സ്ഥാപന ഉടമകൾക്ക് ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട സ്ഥലത്ത് വ്യാവസായിക ആവശ്യത്തിന് ലൈസൻസ് അനുവദിച്ചെന്നതാണ് പ്രധാന ആരോപണം. മരത്താക്കര വില്ലേജ് ഓഫീസർ നൽകിയ കൈവശാവകാശ രേഖയിൽ നിലമാണെന്ന് പ്രത്യേകം രേഖപ്പെടുത്തിയിട്ടും പാടത്തിന്റെ നടുവിൽ ക്വാറി മാലിന്യം തള്ളി വ്യവസായം ആരംഭിക്കുന്നതിന് വഴിവിട്ട് അനുമതി നൽകുകയായിരുന്നു. ലൈസൻസ് നൽകിയതിൽ വി വി മുരളീധരൻ വിജിലൻസ് കോടതിയിൽ ഹർജി നൽകി. തുടർന്ന് കേസ് നിലനിൽക്കുന്നതല്ല എന്ന് റിപ്പോർട്ട് നൽകുകയായിരുന്നു. വിശദമായ വാദംകേട്ടാണ് വിജിലൻസ് റിപ്പോർട്ട് തള്ളി പുനരന്വേഷണം നടത്താൻ തൃശൂർ എൻക്വയറി കമീഷണർ ആൻഡ് സ്പെഷ്യൽ ജഡ്ജ് കെ എം രതീഷ് കുമാർ ഉത്തരവിട്ടത്. മുരളീധരനുവേണ്ടി അഭിഭാഷകരായ ടി സജിത്ത് മേനോൻ, ബൈജു എ ജോസഫ് എന്നിവർ കോടതിയിൽ ഹാജരായി
പാടത്ത് വ്യവസായം; പുനരന്വേഷണത്തിന് വിജിലൻസ് കോടതി ഉത്തരവ്
