റോഡ് നിർമാണത്തിലെ ക്രമക്കേടിന് മേയർക്കെതിരെ വിജിലൻസ് കോടതി

കൊച്ചി മേയർ വി കെ മിനിമോൾക്കെതിരെ അന്വേഷണം ആവശ്യമെന്ന് വിജിലൻസ് കോടതി. മുവാറ്റുപുഴ വിജിലൻസ് കോടതിയുടേതാണ് ഉത്തരവ്. കോർപ്പറേഷൻ നിർമ്മിച്ച റോഡിന് ഗുണഭോക്താക്കളിൽ നിന്ന് 3 ലക്ഷം രൂപ കൈപ്പറ്റിയെന്ന പരാതിയിലാണ് നടപടി. വി കെ മിനിമോൾ പാലാരിവട്ടം കൗൺസിലറായിരുന്ന കഴിഞ്ഞ കൗൺസിലിൻ്റെ കാലത്താണ് സംഭവം ഉണ്ടാകുന്നത്.ഫ്ലാറ്റ് നിർമ്മാണത്തിനായി വലിയ ലോറികൾ നിരന്തരം ഓടിയതിനെ തുടർന്ന് വാർഡിലെ കലവത്ത് ക്രോസ് റോഡ് തകർന്നു. ഫ്ലാറ്റ് നിർമ്മാതാക്കൾ റോഡ് പുനർനിർമ്മാണത്തിനായി നഷ്ടപരിഹാരം എന്ന നിലയ്ക്ക് 5 ലക്ഷം രൂപ കെട്ടിവെച്ചു. മേഖലയിലെ പെരിങ്ങോട്ട് റസിഡൻസ് അസ്സോസിയേഷനിലേക്കാണ് പണം നൽകിയത്. ഇതിൽ 3 ലക്ഷം റോഡിൽ ടൈൽ പാകാൻ എന്ന പേരിൽ കൗൺസിലറായിരുന്ന മിനിമോൾ കൈപ്പറ്റി.റോഡ് ടൈൽ പാകി നവീകരിച്ചെങ്കിലും അന്വേഷണത്തിൽ നിർമ്മാണച്ചിലവ് വഹിച്ചത് കോർപ്പറേഷനാണെന്ന് വ്യക്തമായി. റസിഡൻസ് അസോസിയേഷനിൽ നിന്നും മിനിമോൾ വാങ്ങിയ 3 ലക്ഷത്തിൽ ഒരു രൂപ പോലും റോഡിനായി ചിലവഴിച്ചില്ലന്നും അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് റസിഡൻസ് അസോസിയേഷനാണ് പരാതിയുമായി വിജിലൻസ് കോടതിയെ സമീപിച്ചത്. പ്രഥമദൃഷ്ട്യാ പരാതി നിലനിൽക്കുമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കി.മാത്രമല്ല, മിനിമോൾക്കെതിരെ അന്വേഷണം ആവശ്യമാണെന്നും ഇതിന് സർക്കാരിൻ്റെ പ്രോസിക്യൂഷൻ അനുമതി ആവശ്യമായതിനാൽ ഹാജരാക്കാൻ പരാതിക്കാർക്ക് വിജിലൻസ് കോടതി നിർദ്ദേശം നൽകി. വാങ്ങിയ തുക തിരികെ നൽകിയെന്ന വാദം നിലനിൽക്കില്ലന്ന് കോടതിപറഞ്ഞു.പൊതുപ്രവർത്തകർ പണം വാങ്ങുന്നത് അഴിമതി നിരോധന നിയമത്തിൻ്റെ പരിധിയിൽ വരുമെന്നതിനാലാണ് അന്വേഷണം ആവശ്യമാകുന്നതെന്നും കോടതി വ്യക്തമാക്കി. കൊച്ചി മേയർക്കെതിരായ വിജിലൻസ് കോടതി ഉത്തരവ് ഗൗരവതരമാണെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ് പറഞ്ഞു. നടന്നത് അഴിമതിയായതിനാൽ മേയർ മിനിമോൾ സ്ഥാനമൊഴിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.കഴിഞ്ഞ 5 വർഷക്കാലം കോർപ്പറേഷൻ ഇടതുഭരണത്താലായിരുന്ന ഘട്ടത്തിൽ മേയറായിരുന്ന എം അനിൽകുമാറിനെതിരെ ഒരു അഴിമതി ആരോപണം ഉന്നയിക്കാൻ പോലും പ്രതിപക്ഷത്തിന് കഴിഞ്ഞിരുന്നില്ല. യു ഡി എഫ് മേയർ അധികാരമേറ്റ് മൂന്ന് മാസത്തിനിടെ മേയർക്കെതിരെ വിജിലൻസ് കോടതി തന്നെ അന്വേഷണത്തിന് നിർദ്ദേശിച്ചത് യു ഡി എഫിന് തിരിച്ചടിയായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *