ന്യൂഡൽഹി : കേസുകളിൽ വാദം കേട്ടശേഷം വിധി പ്രസ്‌താവത്തിലുണ്ടാകുന്ന കാലതാമസം ഒഴിവാക്കാൻ ഹൈക്കോടതികൾക്ക് മാർഗനിർദേശം നൽകാനൊരുങ്ങി സുപ്രീംകോടതി. അമിക്കസ്‌ക്യൂറി ഫൗസിയ ഷക്കീൽ സമർപ്പിച്ച കരട് മാർഗനിർദേശത്തെ കോടതി അഭിനന്ദിച്ചു. ഹൈക്കോടതികളോട് പ്രതികരണവും തേടി. അവ പരിഗണിച്ചശേഷം ഒരാഴ്‌ചയ്‌ക്കുള്ളിൽ വിധി ഇറക്കുമെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്‌മാല്യ ബാഗ്‌ചി എന്നിവരുടെ ബെഞ്ച് അറിയിച്ചു.വാദംകേട്ടശേഷം വിധിപറയാൻ മാറ്റിവച്ച കേസുകളിൽ ഉത്തരവ് മൂന്ന് മാസത്തിനുള്ളിൽ പുറപ്പെടുവിക്കണമെന്നാണ് അമിക്കസ്‌ക്യൂറിയുടെ നിർദേശം. വിധികൾ വെബ്‌സൈറ്റിൽ ഇതേ സമയപരിധിക്കുള്ളിൽ പ്രസിദ്ധീകരിക്കുകയും വേണം. ചില ക്രിമിനൽ കേസുകളിൽ ജാർഖണ്ഡ് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിക്കാൻ വൈകുന്നെന്ന് ചൂണ്ടിക്കാട്ടി സുപ്രീംകോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് നടപടി. കേസിൽ വിധിപ്രസ്‌താവം വൈകിപ്പിക്കുന്ന ജഡ്‌ജിമാർക്കെതിരെ കോടതി നേരത്തെ രൂക്ഷവിമർശമുന്നയിച്ചിരുന്നു.
വിധി പ്രസ്‌താവം: കാലതാമസം ഒഴിവാക്കാൻ സുപ്രീംകോടതി
