20 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ 30 വര്‍ഷത്തിനു ശേഷം വിധി; നിരപരാധിയായി അവസാന ശ്വാസമെടുത്ത് കോണ്‍സ്റ്റബിള്‍ ബാബുഭായ്

അഹമ്മദാബാദ്: 20 രൂപ കൈക്കൂലി വാങ്ങിയെന്ന കേസില്‍ 30 വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവില്‍ നിരപരാധിത്വം തെളിയിച്ചതിനു പിന്നാലെ മരണമടഞ്ഞ് പൊലീസ് കോണ്‍സ്റ്റബിള്‍. ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശിയായ ബാബുഭായ് പ്രജാപതിയാണ് അഴിമതിക്കാരനെന്ന ദുഷ്‌പേര് മായ്ച്ച് ലോകത്തോട് വിടപറഞ്ഞത്.1996ല്‍ ബാബുഭായ് പ്രജാപതി വെജാല്‍പുരില്‍ കോണ്‍സ്റ്റബിളായിരിക്കെയാണ് കേസിനാസ്പദമായ സംഭവം. 20 രൂപ കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. ബാബുഭായ് ഇക്കാര്യം നിഷേധിച്ചെങ്കിലും കേസ് മുന്നോട്ടുപോയി. 2002ല്‍ കുറ്റം ചുമത്തി. 2004ല്‍ സെഷന്‍സ് കോടതി ഇദ്ദേഹം കുറ്റക്കാരനെന്ന് വിധിച്ചു. 3000 രൂപ പിഴയും നാല് വര്‍ഷം തടവും വിധിച്ചു.ബാബുഭായിക്ക് ജോലി നഷ്ടപ്പെട്ടു. അതുവരെയുള്ള സല്‍പേര് നഷ്ടപ്പെട്ടു. മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവെച്ചു. പിന്നാലെ ബാബുഭായ് ഗുജറാത്ത് ഹൈക്കോടതിയെ സമീപിച്ചു. അഡ്വ. നിതിന്‍ ഗാന്ധിയാണ് അദ്ദേഹത്തിനായി കേസ് വാദിച്ചത്. സാക്ഷിമൊഴികളിലെ വൈരുധ്യവും പൊലീസ് നടപടിക്രമങ്ങളിലെ വീഴ്ചയുമെല്ലാം അദ്ദേഹം കോടതിയില്‍ ഉന്നയിച്ചു. പതിറ്റാണ്ടുകളാണ് കോടതിയില്‍ കേസ് കെട്ടിക്കിടന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി നാലിന് കോടതി ബാബുഭായ് പ്രജാപതിയെ കുറ്റമുക്തനാക്കി. 30 വര്‍ഷം അപമാനഭാരത്താല്‍ ജീവിച്ച അദ്ദേഹം നിരപരാധിയായി തലയുയര്‍ത്തി.കേസിന്റെ പേരില്‍ സര്‍വീസ് കാലയളവില്‍ തടഞ്ഞുവെച്ച പ്രമോഷന്‍, ആനുകൂല്യങ്ങള്‍ തുടങ്ങിയവയുടെ നഷ്ടപരിഹാരം സര്‍ക്കാറില്‍ നിന്ന് തേടണമെന്ന് അഭിഭാഷകന്‍ അദ്ദേഹത്തോട് പറഞ്ഞു. ‘എന്റെ ദേഹത്തെ അഴിമതിക്കറ ഇല്ലാതായിരിക്കുന്നു, ഇനി എനിക്ക് ദൈവത്തിന്റെയടുത്തേക്ക് പോയാല്‍ മതി’ എന്ന മറുപടിയാണ് ബാബുഭായ് നല്‍കിയത്. സര്‍ക്കാറില്‍ നിന്ന് നഷ്ടപരിഹാരം തേടണമെന്ന ആഗ്രഹം അദ്ദേഹത്തിനുണ്ടായിരുന്നില്ല. പിറ്റേന്ന് രാവിലെ ബാബുഭായ് ഉറക്കത്തില്‍ നിന്ന് ഉണര്‍ന്നില്ല. 30 വര്‍ഷത്തെ അപമാനം കഴുകിക്കളഞ്ഞതിനു പിന്നാലെ നിരപരാധിയായി അദ്ദേഹം ഈ ലോകത്തോട് വിടപറഞ്ഞു. സ്വാഭാവിക മരണമാണെന്ന് ഡോക്ടര്‍മാര്‍ ഉറപ്പിച്ചു. ഒരു ദിവസമെങ്കിലും തന്റെ നിരപരാധിത്വം തെളിയിക്കണമെന്നത് ബാബുഭായിയുടെ ആഗ്രഹമായിരുന്നെന്ന് അഭിഭാഷകന്‍ പറഞ്ഞു. കോടതി വിധിയില്‍ ഏറെ സന്തോഷമുണ്ടെന്ന് ബാബുഭായ് പറഞ്ഞിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.1996ല്‍ പൊലീസുകാര്‍ കൈക്കൂലി വാങ്ങുന്നെന്ന പരാതിയെ തുടര്‍ന്ന് ആന്റി കറപ്ഷന്‍ ബ്യൂറോ കെണിയൊരുക്കിയിരുന്നു. ലോറി ഡ്രൈവര്‍മാരുടെ വേഷത്തിലെത്തിയായിരുന്നു ഓപ്പറേഷന്‍. ഇവരോട് ബാബുഭായ് കൈക്കൂലി വാങ്ങിയെന്നായിരുന്നു കേസ്. ഒപ്പം മറ്റ് രണ്ട് കോണ്‍സ്റ്റബിള്‍മാരെയും പ്രതിയാക്കിയിരുന്നു. ഇവരെയും ഹൈക്കോടതി ജഡ്ജി എസ്.വി പിന്റോ കുറ്റമുക്തരാക്കി.

Leave a Reply

Your email address will not be published. Required fields are marked *