കൊച്ചി: സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്കി എക്സാലോജിക് കമ്പനി ഉടമ വീണ ടി. മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്തുകയാണെന്ന് പറഞ്ഞ വീണ, സിബിഐ അന്വേഷണത്തെ ശക്തമായി എതിര്‍ത്തു. തന്നെ ബോധപൂര്‍വം മോശക്കാരിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വീണ പറഞ്ഞു. സിഎംആര്‍എല്‍-എക്സാലോജിക് കരാറില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകനായ എം ആര് അജയനാണ് ഹൈക്കോടതിയില്‍ പൊതുതാത്പര്യ ഹര്‍ജി ഫയല്‍ ചെയ്തത്.
എക്സാലോജിക് ബിനാമി കമ്പനിയല്ലെന്നും വീണ സത്യവാങ്മൂലത്തില്‍ പറഞ്ഞു. എല്ലാ ആക്ഷേപങ്ങള്‍ക്കും എസ്എഫ്ഐഒയ്ക്ക് മുന്നില്‍ മറുപടി നല്കി. സമാന്തര നിയമ നടപടികള്‍ക്ക് ഹൈക്കോടതി അനുമതി നല്‍കരുത്. സമാന ആരോപണങ്ങള്‍, വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ ആക്ഷേപങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്ന് കണ്ട് ഹര്‍ജികള്‍ ഹൈക്കോടതി തള്ളിയിട്ടുണ്ട്. അടിസ്ഥാനമില്ലാത്ത ആരോപണങ്ങളാണ് ഉയര്‍ത്തിയതെന്ന് ഹൈക്കോടതി തന്നെ നിരീക്ഷിച്ചുട്ടുണ്ടെന്നും വീണ ചൂണ്ടിക്കാട്ടി.