ആരോഗ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ചെന്ന കേസ്; ജാമ്യം ലഭിച്ച കെഎസ്‌യു പ്രവര്‍ത്തകര്‍ ഇന്ന് ജയില്‍ മോചിതരാകും

കണ്ണൂരില്‍ ആരോഗ്യമന്ത്രി വീണാ ജോർജിനെ ആക്രമിച്ചെന്ന കേസില്‍ ജാമ്യം ലഭിച്ച കെഎസ് യു പ്രവർത്തകർ ഇന്ന് ജയില്‍ മോചിതരാകും.ജാമ്യവ്യസ്ഥകള്‍ പൂർത്തിയാക്കി ഉച്ചയോടെ പുറത്തിറങ്ങാൻ കഴിയുമെന്നാണ് വിവരം. കഴിഞ്ഞ മാസം 25 ന് നടന്ന സംഭവത്തില്‍ 26 ന് പുലർച്ചെയാണ് ജില്ലാ പ്രസിഡൻ്റ് അടക്കമുള്ള കെഎസ് യു പ്രവർത്തകർ റിമാൻഡിലായത്. വധശ്രമം അടക്കം ഒമ്പത് വകുപ്പുകള്‍ ചുമത്തിയ കേസില്‍ നിർണായക തെളിവുകള്‍ ഒന്നും പൊലീസിന് കണ്ടെത്താൻ സാധിച്ചിരുന്നില്ല.മാത്രമല്ല, മന്ത്രിയെ ആയുധം ഉപയോഗിച്ച്‌ ആക്രമിച്ചിട്ടില്ലെന്ന് സംഭവസമയത്ത് കണ്ണൂർ റെയില്‍വെ സ്റ്റേഷനില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസുകാരും മൊഴി നല്‍കിയിരുന്നു. ഇതോടെ കേസ് തന്നെ ദുർബലപ്പെടുന്ന സാഹചര്യത്തിലേക്കെത്തുകയായിരുന്നു.കെഎസ്‌യു കണ്ണൂര്‍ പ്രസിഡന്റ് അതുല്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇന്നലെ രാവിലെയാണ് കണ്ണൂര്‍ ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചത്. കെഎസ്‌യു പ്രവര്‍ത്തകര്‍ ആയുധം ഉപയോഗിച്ച്‌ ആക്രമിച്ചുവെന്നാണ് മന്ത്രിയുടെ ഗണ്‍മാന്‍ മൊഴി നല്‍കിയിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു തെളിവെടുപ്പിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തത്.എന്നാല്‍, കെഎസ്‌യു പ്രവര്‍ത്തകര്‍ കറുത്ത കൊടി വീശി വരുന്നത് മാത്രമാണ് കണ്ടതെന്നാണ് ടൗണ്‍ സ്റ്റേഷനിലെ എസ്‌ഐയും സിവില്‍ പൊലീസ് ഓഫീസറും നല്‍കിയ മൊഴിയില്‍ പറയുന്നത്. മന്ത്രിക്ക് പരിക്കേറ്റത് സംബന്ധിച്ച മെഡിക്കല്‍ രേഖകളൊന്നും ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും ജാമ്യ ഉത്തരവിലുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *