വാല്‍പ്പാറയില്‍ ഇ-പാസ് നിര്‍ബന്ധമാക്കുന്ന ഉത്തരവുമായി മദ്രാസ് ഹൈക്കോടതി. പ്രശസ്ത വിനോദ സഞ്ചാര കേന്ദ്രങ്ങളായ നീലഗിരിയിലെ ഊട്ടിയ്ക്കും കൊടൈക്കനാലിനും പിന്നാലെ വാല്‍പ്പാറയിലും ഇ-പാസ് സംവിധാനം ഏര്‍പ്പെടുത്തുന്ന ഹൈക്കോടതി ഉത്തരവാണ് എത്തിയിരിക്കുന്നത്.വാല്‍പ്പാറയിലേക്കുള്ള വാഹന പ്രവേശനം നിയന്ത്രിക്കുന്നതിന് ഇ-പാസ് സംവിധാനം ഏർപ്പെടുത്താൻ മദ്രാസ് ഹൈക്കോടതി സംസ്ഥാന സർക്കാരിനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ഇ-പാസ് സംവിധാനം നവംബര്‍ 1 മുതല്‍ വാല്‍പ്പാറയില്‍ നിലവില്‍ വരും. ജസ്റ്റിസുമാരായ എൻ സതീഷ് കുമാർ, ഡി ഭരത ചക്രവർത്തി എന്നിവരടങ്ങിയ പ്രത്യേക ഡിവിഷൻ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.അതേസമയം പശ്ചിമഘട്ടത്തിന്റെ ഭാഗമായ വാല്‍പ്പാറയുടെ പരിസ്ഥിതി സംരക്ഷണം മുൻനിർത്തിയാണ് ഇ-പാസ് ഏർപ്പെടുത്തുന്നത്. വാല്‍പ്പാറയിലേക്ക് വാഹനങ്ങള്‍ അനുവദിക്കുന്നതിനുള്ള ഇ-പാസ് സംവിധാനം 2025 നവംബർ 1 മുതല്‍ നടപ്പിലാക്കണമെന്നും പ്രധാന എൻട്രി, എക്സിറ്റ് പോയിന്റുകളില്‍ ചെക്ക് പോസ്റ്റുകള്‍ സ്ഥാപിക്കണമെന്നും കോടതിയുടെ ഉത്തരവില്‍ പറയുന്നു. വാല്‍പ്പാറ, ടോപ്പ് സ്ലിപ്പ്, ആനമല കടുവ സംരക്ഷണ കേന്ദ്രം എന്നിവ സംരക്ഷിക്കപ്പെടേണ്ട ദുർബലമായ പാരിസ്ഥിതിക മേഖലകളാണെന്ന് ബെഞ്ച് നിരീക്ഷിച്ചു. വാല്‍പ്പാറയില്‍ ഇ-പാസ് സംവിധാനം ഏർപ്പെടുത്തണമെന്ന് അമിക്കസ് ക്യൂറി ടി. മോഹൻ, എം. ശാന്തനാരാമൻ, ഷെവനൻ മോഹൻ, രാഹുല്‍ ബാലാജി എന്നിവർ ശുപാർശ ചെയ്തിരുന്നു. ഇ-പാസ് സംവിധാനം നിലവില്‍ വരുന്നതോടെ വാല്‍പ്പാറയിലേയ്ക്ക് വരുന്ന വാഹനങ്ങള്‍ തമിഴ്നാട് ടൂറിസം വകുപ്പിന്റെ വെബ്സൈറ്റില്‍ രജിസ്റ്റർ ചെയ്ത് ഇ-പാസ് വാങ്ങണം. വാല്‍പ്പാറയിലെ പരിസ്ഥിതി ലോല മേഖലകളിലേക്ക് നിരോധിത പ്ലാസ്റ്റിക് വസ്തുക്കള്‍ കൊണ്ടുപോകുന്ന വിനോദസഞ്ചാരികളെയും മറ്റ് സന്ദർശകരെയും കർശനമായി നിരീക്ഷിക്കാൻ അധികാരികള്‍ക്ക് കോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്.
ഇനി മുതല്‍ വാല്‍പ്പാറയിലും ഇ-പാസ് നിര്‍ബന്ധം; ഉത്തരവുമായി മദ്രാസ് ഹൈക്കോടതി
