ഉത്തരാഖണ്ഡിലെ രാജാജി കടുവ സംരക്ഷണ കേന്ദ്രത്തിലെ മുസ്ലീം പള്ളി അടച്ചുപൂട്ടി. സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് നടപടി.രാജാജി ടൈഗർ റിസർവിലെ രാംഗഡ് റേഞ്ചിലുള്ള പതിറ്റാണ്ടുകള്‍ പഴക്കമുള്ള പള്ളിയാണ് അടച്ചുപൂട്ടിയത്.രാംഗഡ് റേഞ്ചിലെ ആശാ റോഡി ഫോറസ്റ്റ് ബീറ്റിലെ 0.0008 ഹെക്ടർ വനഭൂമിയിലാണ് പള്ളി നിർമിച്ചിരുന്നത്. വനം വകുപ്പും പൊലീസും സംയുക്തമായാണ് പള്ളി സീല്‍ ചെയ്തത്. സെപ്റ്റംബർ 3 ന് പുറപ്പെടുവിച്ച സുപ്രീം കോടതി ഉത്തരവ് പാലിച്ചാണ് നടപടിയെന്ന് രാംഗഡ് റേഞ്ച് ഫോറസ്റ്റ് ഓഫീസർ അജയ് ധ്യാനി പറഞ്ഞു. സുപ്രീം കോടതി ഉത്തരവ് പ്രകാരം വന്യജീവി സങ്കേതത്തിനുള്ളില്‍ മനുഷ്യ പ്രവർത്തനങ്ങള്‍ നിരോധിച്ചിട്ടുണ്ടെന്ന് അദ്ദേഹം വിശദീകരിച്ചു.സുപ്രീം കോടതി ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ വനനിയമങ്ങള്‍ പ്രകാരം നിയമനടപടി നേരിടേണ്ടിവരുമെന്ന മുന്നറിയിപ്പ് ബോർഡും പള്ളിക്ക് പുറത്ത് സ്ഥാപിച്ചിട്ടുണ്ട്.
ഉത്തരാഖണ്ഡില്‍ കടുവ സംരക്ഷണ കേന്ദ്രത്തിലെ മുസ്ലീം പള്ളി അടച്ചുപൂട്ടി; സുപ്രീം കോടതി ഉത്തരവിനെത്തുടര്‍ന്ന് നടപടി
