യുഎസ് കൂലിപ്പട്ടാളത്തലവന്റെ അറസ്റ്റ്; ഇന്ത്യ സന്ദര്‍ശനത്തില്‍ അന്വേഷണം വേണമെന്ന് കോടതി

യു.എസ്.കൂലിപ്പട്ടാളത്തലവന്റെയും യുക്രെയിനുകളുടെയും അറസ്റ്റില്‍ വിശദ അന്വേഷണം നടത്തണമെന്ന് ഡല്‍ഹി പ്രത്യേക കോടതി. ഇവര്‍ ഇന്ത്യയില്‍ എത്തിയതിന്റെ ലക്ഷ്യം അന്വേഷിക്കണമെന്ന് കോടതി ദേശിയ അന്വേഷണ ഏജന്‍സിയോട് നിര്‍ദ്ദേശിച്ചു. ഡ്രോണുകള്‍ എവിടെയെല്ലാം ഉപയോഗിച്ചെന്ന് കണ്ടെത്തണമെന്നും ഇന്ത്യയിലെ വംശീയ വിമത ഗ്രൂപ്പുകളുമായുള്ള സംഘത്തിന്‍റെ ബന്ധവും അന്വേഷണ പരിധിയില്‍ വരും. മാർച്ച്‌ 13നാണ് ഏഴംഗ സംഘത്തെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി അറസ്റ്റ് ചെയ്തത്. യുഎസ് കൂലിപ്പട്ടാളത്തലവനും ആറ് യുക്രെയിനുകളുമാണ് സംഘത്തിലുണ്ടായിരുന്നത്. ഇനിയും കണ്ടെത്താനുള്ളത് എട്ട് യുക്രെയിനികളെയെന്ന് വിവരം. ഇവര്‍ മിസോറം വഴി മ്യാൻമറിലേക്ക് പോയതായി കണ്ടെത്തിയിരുന്നു. യുഎസ് സൈനിക കരാർ സ്ഥാപനത്തിലെ മാത്യു വാൻഡൈക്കും ആറ് യുക്രെയിനുകളും ടൂറിസ്റ്റ് വീസയിലാണ് ഇന്ത്യയിലെത്തിയത്. ഡല്‍ഹിയില്‍നിന്ന് അസമിലേക്കും അസമില്‍നിന്ന് മിസോറമിലേക്കും അവിടെനിന്ന് അനധികൃതമായി അതിര്‍ത്തി കടന്ന് മ്യാന്‍മറിലേക്കും സംഘം പോയി. പ്രൊട്ടക്റ്റഡ് ഏരിയ പെർമിറ്റും ഇവര്‍ക്ക് ഉണ്ടായിരുന്നില്ല.ലോകമെമ്പാടുമുള്ള സംഘർഷ മേഖലകളിൽ വിമത, സായുധ ഗ്രൂപ്പുകൾക്ക് സൈനിക പരിശീലനവും തന്ത്രപരമായ ഉപദേശങ്ങളും നൽകുന്നതിൽ വിദഗ്ധനാണ് മാത്യു വാൻഡൈക്ക്. ഡ്രോൺ യുദ്ധമുറകൾ, ജാമിങ്‌, സാങ്കേതികവിദ്യ, ആയുധങ്ങളുടെ അസംബ്ലിങ്‌ എന്നിവയിൽ സംഘം വിദഗ്ധരാണ്. ഡല്‍ഹി, ലക്നൗ, കൊല്‍ക്കത്ത എന്നിവിടങ്ങളില്‍നിന്നാണ് ഏഴുപേരെയും എന്‍ഐഎ അറസ്റ്റ് ചെയ്തത്. ഇവരെ പിടികൂടാന്‍ റഷ്യന്‍ സഹായം ലഭിച്ചെന്നും റിപ്പോര്‍ട്ടുകളുണ്ട്. വിഷയത്തില്‍ യുഎസും യുക്രെയിനും നയതന്ത്ര ഇപെടല്‍ നടത്തുമോ എന്നതും ചോദ്യമാണ്. 

Leave a Reply

Your email address will not be published. Required fields are marked *