അഭയാർത്ഥി വേട്ടയ്ക്കിടെ കസ്റ്റഡിയിലെടുത്ത അഞ്ചു വയസ്സുകാരനെയും പിതാവിനെയും വിട്ടയക്കാൻ യുഎസ് കോടതി ഉത്തരവ്

വാഷിംഗ്ടൺ: മിനസോട്ടയിലെ കുടിയേറ്റ വിരുദ്ധ നടപടികൾക്കിടെ കസ്റ്റഡിയിലെടുത്ത അഞ്ചു വയസ്സുകാരനെയും പിതാവിനെയും ഉടൻ വിട്ടയക്കാൻ അമേരിക്കൻ ഫെഡറൽ കോടതി ഉത്തരവിട്ടു. ലിയാം കൊനേജോ റാമോസ് എന്ന കുട്ടിയുടെയും പിതാവ് അഡ്രിയാൻ കൊനേജോ അരിയാസിന്റെയും തടവ് നിയമവിരുദ്ധമാണെന്ന് യുഎസ് ഡിസ്ട്രിക്റ്റ് ജഡ്ജി ഫ്രെഡ് ബിയറി വിധിച്ചു. സർക്കാരിന്റെ നടപടികളെ രൂക്ഷമായ ഭാഷയിലാണ് കോടതി വിമർശിച്ചത്.ദിവസേനയുള്ള നാടുകടത്തൽ ക്വാട്ട തികയ്ക്കാൻ വേണ്ടി കുട്ടികളെപ്പോലും മാനസികമായി തളർത്തുന്ന രീതിയിലാണ് ഗവൺമെന്റ് പ്രവർത്തിക്കുന്നതെന്ന് ജഡ്ജി നിരീക്ഷിച്ചു. സ്പൈഡർമാൻ ബാഗും തൊപ്പിയും ധരിച്ച അഞ്ചു വയസ്സുകാരനെ ഉദ്യോഗസ്ഥർ പിടിച്ചുകൊണ്ടുപോകുന്ന ചിത്രം ട്രംപ് ഭരണകൂടത്തിന്റെ കർക്കശമായ കുടിയേറ്റ നയങ്ങൾക്കെതിരെയുള്ള ആഗോള പ്രതിഷേധത്തിന്റെ അടയാളമായി മാറിയിരുന്നു. കുട്ടിയെ ഒരു ‘ഇര’യായി ഉപയോഗിച്ച് മറ്റു കുടുംബാംഗങ്ങളെ പിടികൂടാനുള്ള തന്ത്രമാണ് ഉദ്യോഗസ്ഥർ പയറ്റിയതെന്ന് ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *