ജാമ്യം ലഭിച്ചിട്ടും പ്രതിയെ ജയില്‍ മോചിതനാക്കിയില്ല, യുപി സര്‍ക്കാര്‍ 5 ലക്ഷം നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ജാമ്യം ലഭിച്ച പ്രതിയെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ വൈകിയ സംഭവത്തില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീം കോടതി.മതപരിവര്‍ത്തന വിരുദ്ധ നിയമപ്രകാരമുള്ള കേസിലെ പ്രതിക്ക് ഏപ്രില്‍ 29 ന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരുന്നു.എന്നാല്‍ ഉത്തരവിറങ്ങിയിട്ടും ദിവസങ്ങള്‍ പിന്നിട്ട ശേഷം കഴിഞ്ഞ ദിവസമായിരുന്നു ഇയാള്‍ക്ക് ജയില്‍ മോചനം സാധ്യമായത്.ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ജസ്റ്റിസുമാരായ കെ വി വിശ്വനാഥന്‍, എന്‍ കോടീശ്വര്‍ സിങ് എന്നിവരടങ്ങിയ ബെഞ്ചിന്റെ നിര്‍ദേശം.ഗാസിയാബാദ് ജില്ലാ ജയിലില്‍ നിന്ന് മോചിപ്പിക്കപ്പെട്ട പ്രതിക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ താല്‍ക്കാലിക നഷ്ടപരിഹാരം നല്‍കണം എന്നാണ് സുപ്രീം കോടതിയുടെ ഉത്തരവ്.’സ്വാതന്ത്ര്യം ഭരണഘടന പ്രകാരം ഉറപ്പുനല്‍കുന്ന വളരെ വിലപ്പെട്ട അവകാശമാണ്,’ ചൂണ്ടിക്കാട്ടിയാണ് രണ്ടംഗ ബെഞ്ചിന്റെ നടപടി. ഉത്തര്‍പ്രദേശിലെ ജയില്‍ അധികൃതരും സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം ഏറ്റുവാങ്ങി.

ജയില്‍ ഉദ്യോഗസ്ഥര്‍ക്ക് നിയമ സംവിധാനങ്ങളെ കുറിച്ച്‌ ബോധവത്കരണം നല്‍കണം എന്നായിരുന്നു സുപ്രീം കോടതിയുടെ പരാമര്‍ശം. വീഡിയോ കോണ്‍ഫറന്‍സിങ് വഴി കോടതിയില്‍ ഹാജരായ ഉത്തര്‍പ്രദേശ് ജയില്‍ ഡയറക്ടര്‍ ജനറലിനോട് ആയിരുന്നു സുപ്രീം കോടതി ഇക്കാര്യം അറിയിച്ചത്.വിഷയത്തില്‍ ഗാസിയാബാദ് പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും ബെഞ്ച് ഉത്തരവിട്ടു.

Leave a Reply

Your email address will not be published. Required fields are marked *