ദില്ലി കലാപഗൂഢാലോചന കേസ്: ഉമര്‍ ഖാലിദ് വീണ്ടും സുപ്രീം കോടതിയില്‍, പുനഃപരിശോധനാ ഹര്‍ജി നല്‍കി

ഡല്‍ഹി കലാപഗൂഢാലോചന കേസില്‍ ജാമ്യം നിഷേധിച്ച സുപ്രീം കോടതി ഉത്തരവിനെതിരെ പുനഃപരിശോധനാ ഹർജിയുമായി മുൻ ജെ.എൻ.യു വിദ്യാർത്ഥി നേതാവ് ഉമർ ഖാലിദ്.ജാമ്യം നിഷേധിച്ച ജനുവരി 5-ലെ സുപ്രീം കോടതി ഉത്തരവ് പുനഃപരിശോധിക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. വിഷയം വരുന്ന ബുധനാഴ്ച സുപ്രീം കോടതി പരിഗണിക്കും. ഉമർ ഖാലിദിന് വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകൻ കപില്‍ സിബല്‍, ഹർജിയില്‍ തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ടു. സാധാരണയായി ചേംബറുകളില്‍ നടക്കുന്ന പുനഃപരിശോധനാ നടപടികള്‍ക്ക് പകരം പരസ്യമായ വാദം കേള്‍ക്കണമെന്നാണ് പ്രതിഭാഗത്തിന്റെ ആവശ്യം.2020-ലെ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ യു.എ.പി.എ ചുമത്തപ്പെട്ടാണ് ഉമർ ഖാലിദ് ജയിലില്‍ കഴിയുന്നത്. വിചാരണാ തടവുകാരനായി ജയിലില്‍ തുടരുന്ന ഉമർ ഖാലിദിന്റെ ജാമ്യാപേക്ഷ നേരത്തെ പലതവണ കീഴ്കോടതികളും ഹൈക്കോടതിയും തള്ളിയിരുന്നു. ജനുവരിയില്‍ സുപ്രീം കോടതിയും ജാമ്യം നിഷേധിച്ചതോടെയാണ് ഇപ്പോള്‍ പുനഃപരിശോധനാ ഹർജിയുമായി അദ്ദേഹം പരമോന്നത കോടതിയെ സമീപിച്ചിരിക്കുന്നത്. ബുധനാഴ്ച കോടതി സ്വീകരിക്കുന്ന നിലപാട് ഉമർ ഖാലിദിന്റെ മോചന കാര്യത്തില്‍ നിർണ്ണായകമാകും.

Leave a Reply

Your email address will not be published. Required fields are marked *